വൈപ്പിൻ: റോഡ് നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാണിച്ച പഞായത്തിലെ വനിതാ ഉദ്യോഗസ്ഥയോട് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയതിനും ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടംഗം സംഘത്തിനെതിരെ പെറ്റികേസ് ചാർജ്ജ് ചെയ്ത് വിട്ടയച്ചെന്ന് ആക്ഷേപം.
എളങ്കുന്നപ്പുഴ പഞ്ചായത്തിലാണ് സംഭവം. ഇന്നലെ ചാപ്പകടപ്പുറത്തെ റോഡ് പണിക്ക് മേൽനോട്ടം വഹിക്കാൻ മുതിർന്ന ഉദ്യോഗസ്ഥയോടൊപ്പമാണ് അപമാനത്തിനിരയായ ഉദ്യോഗസ്ഥ എത്തിയത്. അപാകത ചൂണ്ടിക്കാണിച്ചപ്പോഴാണ് ഇവിടെ നിന്നിരുന്ന രണ്ടു പേർ അശ്ലീല ചുവയുള്ള ഭാഷകൾ ഉപയോഗിച്ച് അപമാനിച്ചത്.
ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥകൾ ഓട്ടോ പിടിച്ച് പഞ്ചായത്തിലെത്തി വിവരം ധരിപ്പിച്ചതനുസരിച്ച് പ്രസിഡന്റ് പോലീസിൽ വിവരമറിയിച്ചു. ഉടൻ പോലീസ് സ്ഥലത്തെത്തി രണ്ട് യുവാക്കളേയും കസ്റ്റഡിയിലെടുത്തു സ്റ്റേഷനിൽ കൊണ്ട് പോയെങ്കിലും ചില പഞ്ചായത്തംഗങ്ങൾ ഇടപെട്ട് പെറ്റിക്കേസിൽ ഒതുക്കുക്കിയെന്നാണ് ആക്ഷേപം. ഇതിനെതിരെ ഇപ്പോൾ ചില പഞ്ചായത്തംഗങ്ങൾ തന്നെ രംഗത്തെത്തിയതോടെയാണ് വിവാദമായത്.