കോട്ടയം: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പൂജാരി പോക്സോ കേസിൽ വിചാരണ നേരിടുന്നയാൾ. പാറശാല നെടുവിള ആലൻകോട്ട കൃഷ്ണപ്രസാദിനെ (24) യാണ് ഇന്നലെ അയർക്കുന്നം പോലീസ് അറസ്റ്റു ചെയ്തത്.
ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ വർഷം പൊൻകുന്നത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് കൃഷ്ണപ്രസാദെന്ന് പോലീസ് പറഞ്ഞു. ഈ കേസിൽ വിചാരണ നടന്നു വരികയാണെന്നും പോലീസ് പറഞ്ഞു. ഇയാൾ വൈക്കത്തുള്ള ഒരു ക്ഷേത്രത്തിലെ പൂജാരിയാണ്. മൂന്നു മാസം മുൻപാണ് വൈക്കത്ത് എത്തിയത്.
ആറു മാസം മുൻപാണ് അയർക്കുന്നം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പതിനഞ്ചുകാരിയെ ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ടത്. തുടർന്ന് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഞായറാഴ്ച രാത്രി 11നാണ് ഇയാൾ പെണ്‍കുട്ടിയുമായി കടന്നത്. പരിചയക്കാരന്റെ ഓട്ടോറിക്ഷയിലാണ് പെണ്‍കുട്ടിയെ കടത്തിയത്.
അന്നു രാതി തന്നെ വീട്ടുകാർ അയർക്കുന്നം പോലീസിൽ പെണ്‍കുട്ടിയെ കാണാതായതിനു പരാതി നല്കി. വൈക്കത്ത് ക്ഷേത്രത്തിനു സമീപത്ത് കൃഷ്ണകുമാർ താമസിക്കുന്ന മുറിയിലാണു പെണ്‍കുട്ടിയെ പാർപ്പിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയെ മുറിയിൽ പൂട്ടിയിട്ടശേഷം ഇയാൾ ക്ഷേത്രത്തിൽ പൂജയ്ക്കായി പോയിരുന്നു.
പെണ്‍കുട്ടിയുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു വൈക്കത്തുണ്ടെന്നു മനസിലാക്കിയത്. തുടർന്ന് പെണ്‍കുട്ടിയെ ആദ്യം കണ്ടെത്തി. പെണ്‍കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു പ്രതിയെ പിടികൂടിയത്.
പ്രതി കൃഷ്ണപ്രസാദിനെതിരേ പൊൻപാറശാലയിലും പോക്സോ കേസ് ഉള്ളതായി പറയുന്നു. ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ, ഡിവൈഎസ്പി ശ്രീകുമാർ എന്നിവരുടെ നിർദേശാനുസരണം അയർക്കുന്നം എസ്ഐ വി.എസ്. അനിൽകുമാർ, അഡീഷണൽ എസ്ഐ രമേശ്ബാബു, സിപിഒമാരായ അജിത്, രാജു, ചിത്രാംബിക എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.