വിതുര: ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 27 വർഷം കഠിന തടവും 65000 രൂപ പിഴയും. ആനപ്പാറ നാരകത്തിൻകാല അറവലക്കരിക്കകം മഞ്ജുഭവനിൽ പ്രഭാകരൻ കാണി (55)യെയാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ ) ശിക്ഷിച്ചത്. ജഡ്ജി എസ്. ആർ. ബിൽകുൽ ആണ് ശിക്ഷ വിധിച്ചത്.
ആറുമുതൽ 12 വയസു വരെയുള്ള പ്രായത്തിൽ ബാലികയെ പലതവണ പ്രതി ലൈംഗിക പീഡനമേൽപ്പിച്ചു. 2019ൽ വീണ്ടും ഭീഷണിപ്പെടുത്തി ക്രൂരമായ പീഡനത്തിന് ഇരയാക്കുകയും ചെയ്തു. 2019 ലായിരുന്നു അവസാനമായി പീഡിപ്പിച്ചത്.
2012വരെയുള്ള പല ദിവസങ്ങളിലും ക്രൂരമായ ലൈംഗിക പീഡനത്തിന് ബാലികയെ വിധേയമാക്കി. പറയാനറിയാത്ത പ്രായത്തിൽ നടന്ന സംഭവം എന്തെന്നറിയാത്ത ബാലിക പുറത്തു പറഞ്ഞില്ല.
എന്നാൽ 12-ാം വയസിലെ സംഭവത്തിനു ശേഷം സ്കൂളിലെ ടീച്ചറോട് കാര്യങ്ങൾ പറഞ്ഞു. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ പേടിയാണെന്ന് ടീച്ചറോട് പറഞ്ഞ് ബാലിക കരയുകയായിരുന്നു.
തുടർന്നാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്.പിഴത്തുക മുഴുവനും ഇരയ്ക്ക് നൽകണമെന്നും തുക നൽകാതിരുന്നാൽ ആറ് മാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും സ്പെഷൽ ജഡ്ജി വിധിച്ചു.
സിആർ. പിസി 357 (എ) വകുപ്പ് അനുസരിച്ച് ഡിഎൽഎസ്എക്ക് ഇരയെ സഹായിക്കാനുള്ള നിർദേശവും ജഡ്ജി പുറപ്പെടുവിച്ചു. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ ) സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഷൗക്കത്തലി പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, എസ്ഐ നിജാം എന്നിവർ അന്വേഷിച്ച് ചാർജ് ഹാജരാക്കിയ കേസിൽ 14 സാക്ഷികളെ വിസ്തരിച്ചു. 18 രേഖകൾ തെളിവായി ഹാജരാക്കി.