ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിക്ക് സഹായം നൽകിയ പ്രൊബേഷൻ എസ്ഐ അറസ്റ്റിൽ.മാരാരിക്കുളം പോലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐയായ ലൈജുവിനെയാണ് ആലപ്പുഴ ഡിവൈഎസ്പി പി.വി. ബേബിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ അർദ്ധരാത്രിയോടെ താമസസ്ഥലത്തുനിന്നും അറസ്റ്റ് ചെയ്ത പ്രൊബേഷൻ എസ്ഐയെ പ്രാഥമിക ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കുമെന്ന് ഡിവൈഎസ്പി പി.വി. ബേബി രാഷ്ട്രദീപികയോട് പറഞ്ഞു.
കേസിലെ ഒന്നാംപ്രതിയായ ആതിരയുടെ മൊബൈൽ ഫോണ്‍ രേഖകളും വാട്സ് ആപ്പ് ഉപയോഗം സംബന്ധിച്ച പരിശോധന നടത്തിയതിൽ നിന്നുമാണ് ലൈജുവിന് ഇവരുമായുള്ള ബന്ധം വ്യക്തമായത്. കഴിഞ്ഞ എട്ടിന് ആലപ്പുഴ നഗരത്തിൽ പ്രവർത്തിക്കുന്ന ഹോംസ്റ്റേയിൽ ആതിരയ്ക്ക് മുറിയെടുത്ത് നൽകിയത് പ്രൊബേഷൻ എസ്ഐയായിരുന്നു. പെണ്‍കുട്ടിയുമായി ആതിരയെ നാട്ടുകാർ പിടികൂടിയ സമയത്ത് ആതിര എസ്ഐയെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ആതിരയുമായി ബന്ധമുള്ള കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ വരുംദിവസങ്ങളിൽ പിടിയിലാകുമെന്നാണ് സൂചന. അതേസമയം പെണ്‍കുട്ടിയെ പീഡിപ്പിച്ച സീനിയർ സിവിൽ പോലീസ് ഓഫീസറായ നെൽസണെ പോകസോ കോടതി റിമാൻഡ് ചെയ്തു. ഇയാളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുന്നതിന് അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്. പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ടുപേരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.
പെണ്‍കുട്ടി ശാരീരികമായി ആക്രമിക്കപ്പെട്ടത് വൈദ്യപരിശോധനയിൽ വ്യക്തമായിരുന്നു. പ്രതികളെന്ന് സംശയിക്കുന്നവരുടെ വൈദ്യപരിശോധനാഫലവുമായി ഒത്തുനോക്കിയശേഷം അറസ്റ്റ് അടക്കമുള്ള നടപടികൾക്കൊരുങ്ങുകയാണ് അന്വേഷണ സംഘം.
അതേസമയം പെണ്‍കുട്ടിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോകുന്നതിന് ദൃക്സാക്ഷികളായവരോട് മൊഴി നൽകാൻ ആവശ്യപ്പെട്ടെങ്കിലും കേസിൽ പോലീസുകാർ ഉൾപ്പെട്ടതിനാൽ തെളിവുകളും രേഖകളും പോലീസിന് കൈമാറാൻ വിശ്വാസമില്ലെന്ന നിലപാട് സ്വീകരിച്ച ഇവർ സംഭവ സമയത്തെ മൊബൈൽ വീഡിയോ റെക്കോർഡിംഗ് അടക്കമുള്ള തെളിവുകൾ ഇന്ന് കളക്ടർക്ക് കൈമാറാനൊരുങ്ങുകയാണ്.