ശ്രീകണ്ഠപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിടികിട്ടാപ്പുള്ളിയായ ജോത്സ്യൻ അറസ്റ്റിൽ. മാഹി പന്തക്കലിലെ പി.വി. ബിജു (47) വിനെയാണ് ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2006 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കസ്തൂരിമാൻ ഉൾപ്പെടെ 5 ഓളം മലയാള സിനിമകളിൽ സഹ സംവിധായകനായി ജോലി ചെയ്തിരുന്ന ഇയാൾ ഈ കാലത്താണ് പെൺകുട്ടിയുമായി പരിചയത്തിലാവുന്നത്. അഭിനയമോഹവുമായി ഇയാളെത്തേടിയെത്തിയ പെൺകുട്ടിയെ ഇയാൾ കൊച്ചിയിലെ ലോഡ്ജിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇയാൾ ജോലി ചെയ്തിരുന്ന സിനിമകളിൽ ചെറിയ വേഷങ്ങളിൽ പെൺകുട്ടി അഭിനയിച്ചിട്ടുമുണ്ട്.
പെൺകുട്ടി ഗർഭിണിയായതോടെ നാട്ടിൽ നിന്ന് മുങ്ങിയ ഇയാളെ 2008 ൽ പാലക്കാട് വെച്ച് ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ 2013 ൽ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
ഇതോടെ സിനിമ മേഖല ഉപേക്ഷിച്ച് ഇയാൾ ആന്ധ്രാപ്രദേശിലേക്ക് താമസം മാറ്റി. തുടർന്ന് ഹൈദരാബാദിൽ ജ്യോത്സ്യനായി ജോലി ചെയ്യുകയായിരുന്നു. രഹസ്യ വിവരത്തെത്തുടർന് ഇന്ന് പുലർച്ചെ ഇവിടെ എത്തിയ ഇരിക്കൂർ പോലീസ് ആന്ധ്രാപ്രദേശിലെ ജഗ്ഗാർ പേട്ടയിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.ഒ. രാജീവൻ, സിവിൽ പോലീസ് ഓഫീസർമാരായ ശിവപ്രസാദ്, രതീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.