കണ്ണൂർ: പ്രണയം നടിച്ച് വശീകരിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുന്ന വിരുതനെ പോലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശേരി അരോളിയിലെ പാറക്കൽ റഫീഖ് (24) നെയാണ് സിറ്റി സിഐ പ്രമോദ്, ചക്കരക്കൽ എസ്ഐ ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
സ്കൂൾ വിദ്യാർഥികളെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും നഗ്നഫോട്ടോകൾ ഫോൺ പകർത്തുകയുമാണ് ഇയാളുടെ രീതി. പിന്നീട് ഈ ഫോട്ടോകൾ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിക്കും. ഇങ്ങനെ അഞ്ചോളം പെൺകുട്ടികളെ പീഡിപ്പിച്ചതായി പോലീസിന് മനസിലായിട്ടുണ്ട്. തിലാന്നൂരിലെ പ്ലസ്ടു വിദ്യാർഥിനിയുടെ പരാതിയിൽ റഫീഖിന്റെ പേരിൽ പോക്സോ പ്രകാരം ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് അറസ്റ്റ്.