മഞ്ചേരി: പത്തു വയസുകാരിയെ ക്രൂരമായി ലൈംഗിക പീഡനത്തിനു വിധേയയാക്കിയെന്ന കേസിൽ ഒളിവിലായിരുന്ന മഞ്ചേരി മുനിസിപ്പൽ കൗണ്‍സിലർ കാളിയാർതൊടി കുട്ടനെ (59) മഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഗൂഡല്ലൂരിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തുകയായിരുന്നു.
ഉടൻ മഞ്ചേരി എസ്ഐ റിയാസ് ചാക്കീരിയും സംഘവും ഗൂഡല്ലൂരിലെത്തി നടത്തിയ തെരച്ചിലിലാണ് പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച ഇന്നലെ രാത്രി പത്തു മണിയോടെ മഞ്ചേരി സ്റ്റേഷനിലെത്തിച്ച പ്രതിയെ ഇന്നു വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
ബാലികയെ പ്രതി പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. തുടർന്നു പരാതി നൽകിയ വിവരമറിഞ്ഞു ഒരാഴ്ച മുന്‍പാണ് കുട്ടൻ ഒളിവിൽ പോയത്. എടവണ്ണ ബന്ധു വീട്ടിൽ രണ്ടു ദിവസം താമസിച്ചെങ്കിലും പോലീസ് എത്തുന്നതിനു മുന്‍പ് രക്ഷപ്പെട്ടു.
മൊബൈൽ ഫോണ്‍ ഓഫ് ചെയ്തതു അന്വേഷണത്തിനു പ്രയാസം സൃഷ്ടിച്ചിരുന്നു. തുടർന്നു രഹസ്യവിവരത്തെത്തുടർന്നു പോലീസ് പിടികൂടുകയായിരുന്നു. മഞ്ചേരി നഗരസഭ 12-ാം വാർഡ് മംഗലശേരിയിൽ നിന്നു മുസ്ലിം ലീഗ് ടിക്കറ്റിൽ വിജയിച്ച കുട്ടനെ പരാതിയെ തുടർന്നു പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു.
ഇതിനിടെ കുട്ടനെ ഭരണപക്ഷത്തെ ചിലർ ഒളിപ്പിച്ചിരിക്കയാണെന്നാരോപിച്ച് പ്രതിപക്ഷം ഇക്കഴിഞ്ഞ ദിവസം മുനിസിപ്പൽ കൗണ്‍സിൽ യോഗം ബഹിഷ്ക്കരിച്ചിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.