ചവറ: സോഷ്യൽ മീഡിയയിലൂടെ പ്രണയത്തിലായ ശേഷം യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ കേസിൽ യുവമോർച്ച നേതാവ് റിമാൻഡിലായി. യുവമോർച്ച ജില്ലാ കമ്മിറ്റിയംഗം തേവലക്കര പടിഞ്ഞാറ്റക്കര പാലേഴത്തു വീട്ടിൽ രാജേഷ് കുമാറി ( 33 ) നെയാണ് തെക്കുംഭാഗം പോലിസ് അറസ്റ്റ് ചെയ്തത്.
രാജേഷ് ഒമാനിൽ ജോലി ചെയ്യുന്ന കാലത്താണ് അവിടെയുണ്ടായിരുന്ന തേവലക്കര സ്വദേശിയായ ഭർതൃമതിയായ സമപ്രായക്കാരിയുമായി സൗഹൃദത്തിലായത്. ഫേയ്സ്ബുക്കിലൂടെയും വാട്സ പ്പിലൂടെയും വളർന്ന ബന്ധം ഇരുവരും നാട്ടിലെത്തിയ ശേഷവും തുടരുകയായിരുന്നു. ഇതിനിടയിൽ തിരുവനന്തപുരം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച യുവതിയെ പീഡിപ്പിക്കുകയും ചെയ്തതായി പോലീസ് പറയുന്നു.
ശേഷം പല കാരണങ്ങൾ പറഞ്ഞ് ഇയാൾ യുവതിയിൽ നിന്ന് പണം കൈപ്പറ്റുകയും വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്. പരാതിക്കാരിയായ യുവതിയെ കൂടാതെ മറ്റു പല യുവതികളുമായും രാജേഷിന് അടുപ്പമുണ്ടെന്ന് പറയപ്പെടുന്നു.
ഏകദേശം ഏഴ് ലക്ഷം രൂപ രാജേഷ് പല തവണ ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്നും തന്റെ എടിഎം അടക്കമുള്ളവ രാജേഷിന്റെ കൈവശമാണെന്നും പരാതിയിൽ യുവതി ആരോപിക്കുന്നു.
ചവറ തെക്കുംഭാഗം എസ് ഐ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.