പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചകേസിൽ യുവാവ് അറസ്റ്റില്‍. കൊല്ലമുള സ്വദേശി ആനന്ദ് രാജേഷാ(18)ണ്് അറസ്റ്റിലായത്.
രാജേഷും പെണ്‍കുട്ടിയും തമ്മില്‍ സ്നേഹബന്ധത്തിലായിരുന്നെന്ന് പറയുന്നു. ശനിയാഴ്ച രാവിലെ ഒന്പതിനു പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിന് മുമ്പില്‍ നിന്നാണ് കാണാതായത്.
മകളെ കാണാനില്ലെന്ന പരാതിയുമായി വെച്ചൂച്ചിറ പോലീസ് സ്റ്റേഷനില്‍ ഹാജരായ പിതാവിന്റെ മൊഴി വാങ്ങി കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, പെണ്‍കുട്ടി കാമുകനൊപ്പം പോയതാകാമെന്ന സൂചനയില്‍ അന്വേഷണം വ്യാപിപ്പിച്ചു.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശാനുസരണം പത്തനംതിട്ട സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്ജിതമാക്കിയപ്പോള് മണിക്കൂറുകള്‍ക്കകം യുവാവിനെയും പെണ്‍കുട്ടിയെയും കണ്ടെത്തി.
ചോദ്യം ചെയ്യലില്‍ രാവിലെ ഒമ്പതിനു പെണ്‍കുട്ടിയെ സ്കൂളിനു മുന്നില്‍ നിന്നു ബൈക്കില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് യുവാവ് സമ്മതിച്ചു.
പെണ്‍കുട്ടിക്ക് പോലീസ് വെല്‍ഫയര്‍ ഓഫീസറുടെ നേതൃത്വത്തില്‍ കൗണ്‍സലിംഗ് നല്‍കുകയും തുടന്ന് വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
നാലു വർഷത്ത പ്രണയം
കാമുകന് തട്ടിക്കൊണ്ടുപോയതാണെന്നും നാലു വര്‍ഷമായി പ്രണയത്തിലാണെന്നും കഴിഞ്ഞവര്‍ഷം നവംബറില്‍ കൂട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പെണ്‍കുട്ടി മൊഴി നല്കി.
മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയും തുടര്‍ന്ന് ഇയാളെ വൈകുന്നേരം നാലിന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ആനന്ദിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിലെ പോലീസുദ്യോഗസ്ഥരുടെ സഹായത്തോടെ കുട്ടിക്കാനത്തിന് സമീപം, കുട്ടിക്കാനം മുണ്ടക്കയം റോഡില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു.
ഇവിടെ റോഡുവക്കില്‍ ബൈക്കുമായി നിന്ന ഇരുവരെയും വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്നു.
വെച്ചൂച്ചിറ സ്റ്റേഷനിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍ കൂടിയായ ആശ ഗോപാലകൃഷ്ണന്, വനിതാ സിപിഒ സൂര്യ എന്നിവര്‍ കൗണ്‍സലിംഗ് ലഭ്യമാക്കിയതിനെതുടര്‍ന്നാണ് പെണ്‍കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
പാഞ്ചാലിമേട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പോലീസ് ഇവരെ മണിക്കൂറുകള്‍ക്കകം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു,
ബൈക്കും കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ പരിശോധനക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അന്വേഷണസംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജര്‍ലിന്‍ വി. സ്കറിയ, ഇഎസ്ഐ അച്ചന്‍കുഞ്ഞ്, എസ്സിപിഒ സലിം, ആശ ഗോപാലകൃഷ്ണന്, സിപിഒ സൂര്യ, സോണിമോന്‍ തുടങ്ങിയവരാണുണ്ടായിരുന്നത്.