കായംകുളം: 75 കാരിയായ വയോധികയെ ആഹാരം കൊടുക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ചു പീഡിപ്പിച്ച സംഭവത്തിൽ 47 കാരനായ പ്രതി റിമാൻഡിൽ. വയോധിക ആശുപത്രിയിൽ. കറ്റാനം വെട്ടിക്കോട് സ്വദേശിയായ രമണൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. കെപി റോഡ് വഴി നടന്നു പോകുകയായിരുന്ന വയോധികയെ ആളൊഴിഞ്ഞ പ്രതിയുടെ വീട്ടിലെത്തിച്ചായിരുന്നു പീഡനം.
അലമുറയിട്ട് കരഞ്ഞെങ്കിലും പരിസരത്ത് ആരും ഇല്ലാതിരുന്നതിനാൽ മണിക്കൂറുകളോളം പീഡനം തുടർന്നു.പിന്നീട് വയോധികയെ റോഡിൽ എത്തിച്ച് ഇയാൾ രക്ഷപ്പെട്ടു. രക്തം വാർന്ന് അവശയായ നിലയിൽ സമീപത്തെ കടയ്ക്കു സമീപമെത്തിയ വയോധികയെ നാട്ടുകാർ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർ നടത്തിയ പരിശോധനയിലാണ് പീഡനം നടന്നതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞത്.
വർഷങ്ങൾക്കു മുന്പ് ഒരപകടത്തിൽ പരിക്കേറ്റ രമണന് കാലിനു ചെറിയ സ്വാധീനക്കുറവുണ്ട്. ഇതേത്തുടർന്ന് ഇയാൾ ലോട്ടറി കച്ചവടം നടത്തിയാണ് ജീവിച്ചിരുന്നത്. കഴിഞ്ഞ പ്രളയത്തിൽ വീട്ടിൽ വെള്ളം കയറിയതിനേ തുടർന്ന് രമണനും കുടുംബവും തഴവ ജംഗ്ഷനു സമീപം വാടക വീട്ടിലായിരുന്നു താമസം.
വെള്ളം കയറിയതിനെത്തുടർന്ന് താമസമില്ലാതെ കിടന്നിരുന്ന കാറ്റാനം സബ്സ്റ്റേഷനു വടക്കുവശത്തുള്ള വീട്ടിൽ വച്ചാണ് ഇയാൾ വയോധികയെ പീഡിപ്പിച്ചത്. വള്ളികുന്നം എസ്ഐ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഫോറൻസിസ് വിഭാഗം സ്ഥലത്ത് തെളിവെടുപ്പ് നടത്തി. പ്രതിയെ റിമാൻഡ് ചെയ്തു.