മാനന്തവാടി: തിരുനെല്ലി സ്റ്റേഷൻ പരിധിയിലുള്ള യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും അഞ്ച് ലക്ഷം രൂപയോളം അപഹരിക്കുകയും ചെയ്ത കേസിൽ ബംഗളൂരു സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു അന്തർഹള്ളി ഇൻഡസ്ട്രിയൽ ഏരിയയിലെ അബ്ദുറഹ്മാന്റെ മകൻ റിസ്വാൻ ബാഷ (31) യാണ് കഴിഞ്ഞ ദിവസം ബംഗളൂരുവിൽ തിരുനെല്ലി പോലീസിന്റെ പിടിയിലായത്.
വിവാഹ വാഗ്ദാനം നൽകി യുവതിയെ നിരവധി തവണ പീഡനത്തിനിരയാക്കിയ റിസ്വാൻ പല തവണകളായി അഞ്ച് ലക്ഷം രൂപയോളം യുവതിയിൽ നിന്ന് കൈപ്പറ്റിയിരുന്നു. കഴിഞ്ഞ ആറ് മാസക്കാലം ഇയാളെക്കുറിച്ച് വിവരമില്ലാതായതോടെ യുവതി തിരുനെല്ലി പോലീസിൽ പരാതി നൽകി.
ബംഗളൂരുവിൽ പല മേൽവിലാസങ്ങളിൽ മാറി മാറി താമസിക്കുന്ന ഇയാളെ പിടികൂടിയത് തിരുനെല്ലി എസ്ഐ രജീഷ് തെരുവത്ത് പീടിക, കെ.ജെ. ഷമ്മി, എം. ആർ. ജിതിൻ എന്നിവരടങ്ങിയ സംഘമാണ്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.