വൈപ്പിൻ: മാലിപ്പുറം വളപ്പിൽ പതിനാറുകാരിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പുതുവൈപ്പ് ലൈറ്റ് ഹൗസിനടുത്ത് താമസിക്കുന്ന റോഷൻ (27) ആണ് അറസ്റ്റിലായത്. ബാലികയുടെ മൊഴിപ്രകാരം ഒരാൾ കൂടി തന്നെ പീഡിപ്പിച്ചുവെന്നാണ് പോലീസിനു ലഭിച്ച സൂചന. ഇത് പ്രകാരം രണ്ടാമനെ പോലീസ് തെരയുകയാണ്.
ഒന്നാം പ്രതിയാണ് ബാലികയെ കടത്തിക്കൊണ്ട് പോയതാണന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഇതിനുശേഷം ഒന്നാം പ്രതിയുടെ പുതുവൈപ്പിലെ വീട്ടിലും പിന്നീട് വൈറ്റിലയിൽ പ്രതിയുടെ ഒരു പരിചയക്കാരന്റെ വീട്ടിലും വെച്ച് പീഡിപ്പിച്ചുവത്രേ. ബാലികയെ കാണാതായതോടെ മാതാപിതാക്കൾ വ്യാഴാഴ്ചയാണ് ഞാറക്കൽ പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഞാറക്കൽ സിഐ സജിൻ ശശിയുടെ നേതൃത്വത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്കുട്ടിയെ വൈറ്റിലയിൽ ഒരു വീട്ടിൽ കണ്ടെത്തിയത്.
ബാലികയെ ചോദ്യം ചെയ്തശേഷം വൈദ്യപരിശോധന നടത്തിയപ്പോൾ പീഡനം നടന്നതായി തെളിയുകയും മൊഴിപ്രകാരം രണ്ട് യുവാക്കൾക്കെതിരേ പീഡനത്തിനു പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഒന്നാം പ്രതിയെ ഫോർട്ട് കൊച്ചി ബീച്ചിൽ നിന്നു പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പോലീസ് സംഘത്തിൽ എസ്.ഐ. സംഗീത് ജോബ്, എസ്.സി.പി.ഒ ഷാഹിർ, സിപിഒമാരായ വിജിൻ, ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു. ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.