വൈപ്പിൻ: പതിനാറുകാരിയെ ബാലികയെ കടത്തിക്കെണ്ടുപോയ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത കോഴിക്കടക്കാരനെ റിമാന്‍ഡ് ചെയ്തു. ഞാറക്കൽ കിഴക്ക് ഭാഗത്ത് വീടിനോട് ചേർന്ന് കോഴിക്കട നടത്തുന്ന ചാത്തനാട്ട് സാബു-38 വാണ് അറസ്റ്റിലായത്. പ്രതിയേയും ബാലികയേയും തൃപ്പൂണിത്തുറയിൽനിന്നു വെള്ളിയാഴ്ച വൈകുന്നേരമാണ് ഞാറക്കൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
നായരന്പത്തുകാരിയായ ബാലികയെ പ്രതി പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയാണ് കടത്തിക്കൊണ്ട് പോയതെന്ന് പോലീസ് പറഞ്ഞു. ബാലികയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ ഞാറക്കൽ പോലീസിനു നൽകിയ പരാതിയിൽ പോലീസ് ആദ്യം കേസെടുത്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഞാറക്കൽ സിഐ എം.കെ. മുരളി, എസ്ഐ സംഗീത് ജോബ് എന്നിവരുടെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയേയും ബാലികയേയും തൃപ്പൂണിത്തുറ ഹിൽപാലസിനടുത്തു കണ്ടെത്തിയത്. വൈദ്യപരിശോധനയിൽ പീഢനം നടന്നിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തുടർന്നാണ് തട്ടിക്കൊണ്ട് പോകലിനു പോലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കിയത്.