വടകര: ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട് ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മണിയൂർ സ്വദേശിയും നിർമാണ തൊഴിലാളിയുമായ സനലാണ് (27) പിടിയിലായത്. ചങ്ങനാശേരിക്കാരിയും മുന്നു മക്കളുടെ അമ്മയുമായ യുവതിയാണ് പരാതിക്കാരി.
ആറുമാസം മുന്പ് ഫെയ്സ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച ശേഷം ഇയാൾ വിവാഹ വാഗ്ദാനം നൽകി യുവതിയെ നാട്ടിലേക്കു ക്ഷണിക്കുകയായിരുന്നു. വീട് വിട്ടിറങ്ങിയ യുവതിയൊത്ത് സനൽ വിവിധ ലോഡ്ജുകളിൽ താമസിച്ച് പീഡിപ്പിച്ച ശേഷം കൈയൊഴിയുകയായിരുന്നുവെന്നാണ് പറയുന്നത്.
ഫെബ്രുവരി മുതൽ ഇവർ വടകരയിലെയും മാഹിയിലെയും ലോഡ്ജുകളിൽ തങ്ങിയിരുന്നു. കഴിഞ്ഞ ദിവസം വടകരയിലെത്തിയ യുവതിയും യുവാവും തമ്മിൽ റെയിൽവേ സ്റ്റേഷനിൽവെച്ചു വാക്ക് തർക്കത്തിലേർപെട്ടതിന്റെ തുടർച്ചയായാണ് യുവതി പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നു സിഐ ടി.മധുസൂദനൻനായർ പറഞ്ഞു.