കൊച്ചി: രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്കു 10 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം കണയന്നൂർ നാഗപ്പ കോളനി പൊറ്റയിൽ സന്തോഷിനെ (44) ആണ് എറണാകുളം അഡീഷണൽ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്.
2015 ഏപ്രിൽ നാലിനാണു മുളന്തുരുത്തിയിലെ ഒരു ഡേ കെയറിൽ രണ്ടര വയസുകാരി പീഡനത്തിനിരയായത്.
ഡേ കെയർ നടത്തിപ്പുകാരി പുറത്തുപോയ സമയം ഇവരുടെ ഭർത്താവായ പ്രതി ഡേ കെയറിലെത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പ്രതി നടത്തിയതു ക്രൂരമായ കുറ്റകൃത്യമാണെന്നു കോടതി നിരീക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവ് അനുഭവിക്കണം. മുളന്തുരുത്തി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിറവം സിഐ ആണു കുറ്റപത്രം നൽകിയത്.
പ്രോസിക്യുഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. സന്ധ്യാ റാണി ഹാജരായി.