മുക്കം: പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പിടിയിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.കൊടിയത്തൂർ സ്വദേശി അബ്ദുൾ സത്താറാണ് (55) അറസ്റ്റിലായത്. അബ്ദുൾ സത്താറിന്റെ സുഹൃത്തും കൂട്ടുപ്രതിയുമായ കൊടിയത്തൂർ സ്വദേശി സലാം ഒളിവിലാണ്.
അടുത്തിടെ മറ്റൊരു പോക്സോ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ ആളാണ് സലാമെന്ന് പോലീസ് പറഞ്ഞു. കുട്ടിക്ക് പണം നൽകി വശത്താക്കിയാണ് ഇരുവരും പീഡിപ്പിച്ചത്. ഇരുവരും ചേർന്ന് കുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നതായി മുക്കം പോലീസ് പറഞ്ഞു.
കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. സംഭവം അറിഞ്ഞയുടനെ രക്ഷിതാക്കൾ ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകുകയായിരുന്നു. പോക്സോ നിയമ പ്രകാരം താമരശേരി കോടതിയിൽ ഹാജരാക്കിയ അബ്ദുൾ സത്താറിനെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.