ആലുവ: ഒൻപതുമാസം മുൻപു നടന്ന പീഡനത്തിൽ പ്രതിയായ യുവാവ് അപ്രതീക്ഷിതമായി കുടുങ്ങി. എടത്തലയിൽ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം കടന്നുകളഞ്ഞ ചാവക്കാട് സ്വദേശി ഷംസീറി(21)നെയാണ് ആലുവ സിഐ വിശാൽ കെ. ജോണ്‍സണും സംഘവും തന്ത്രത്തിൽ പിടികൂടിയത്. 2016 മാർച്ചിലായിരുന്നു സംഭവം. പതിനേഴുകാരിയായ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ വീടിനടുത്ത് കന്പനിയിൽ ഡ്രൈവറായി ജോലിക്കെത്തിയപ്പോഴാണ് വീട്ടിൽ മറ്റാരുമില്ലാതിരുന്നസമയത്ത് ഷംസീർ പീഡനത്തിനിരയാക്കിയത്. ഇതിനുശേഷം ഇയാൾ ഇവിടെ നിന്നും മുങ്ങുകയായിരുന്നു.
സംഭവം പുറത്തറിയിക്കാതെ പെണ്‍കുട്ടി സിറ്റിയിലെ ഒരുമാളിൽ ജോലിയുള്ള മറ്റൊരു യുവാവുമായി പ്രണയത്തിലായി. എന്നൽ ഈ യുവാവ് മാളിലെ ഒരു കടയിൽ നിന്നും ലാപ്ടോപ്പ് മോഷ്ടിച്ചതിന് ജയിലിലായി. കാമുകനെ ജാമ്യത്തിലിറക്കുന്നതിന് പണം കെട്ടിവയ്ക്കുന്നതിനായി പെണ്‍കുട്ടി മൂന്നുപവന്റെ സ്വർണമാല വിൽക്കുകയായിരുന്നു. മാല കാണത്തതിനെ തുടർന്ന് വീട്ടുകാർ വഴക്കുപറഞ്ഞപ്പോൾ പെണ്‍കുട്ടി ബാംഗളൂരിലേയ്ക്ക് നാടുവിട്ടു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പെണ്‍കുട്ടിയെ പോലീസ് അവിടെ നിന്നും കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പെണ്‍കുട്ടി ലൈംഗീക പീഡനത്തിന് വിധേയായിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ആദ്യ കാമുകൻ നേരത്തെ പീഡിപ്പിച്ച വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് കസ്റ്റഡിയിലായ ഷംസീറിനെ ചോദ്യം ചെയ്തയിൽ നിന്നും ഇയാൾ പോലീസ് മുൻപാകെ കുറ്റം സമ്മതിക്കുകയും ചെയ്തു.
കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാന്റ് ചെയ്തു. ചാവക്കാട് ഒരു കൊലക്കേസിലെ പ്രതികളെ ഒളിവിൽ പാർപ്പിച്ച കേസിലും പ്രതിയാണ് റിമാന്റിലായ ഷംസീർ. ഡിവൈഎസ്പി കെ.ജി ബാബുകുമാറിന്റെ നിർദേശപ്രകാരം സിഐ കൂടാതെ എടത്തല എസ്ഐ പി.ജെ. നോബിൾ, സിവിൽ പോലീസ് ഓഫീസർമാരായ പി.ഒ ആന്റണി, സിജൻ, ബിജു എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.