ഏറ്റുമാനൂർ: എംജി സർവകലാശാല കാന്പസിനുള്ളിൽ ജീവനക്കാരിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പേരൂർ സ്വദേശിക്ക് രണ്ടു വർഷം തടവും പിഴയും. പേരൂർ പള്ളിക്കൂടം കവലയിൽ മണ്ണൂശേരി ശ്രീജിത്തി(37)നെയാണ് ഏറ്റുമാനൂർ മജിസ്ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്.
രണ്ടു വർഷത്തിൽ ഒരു വർഷം കഠിനതടവ് അനുഭവിക്കുകയും പതിനായിരം രൂപ പിഴയായി അടയ്ക്കുകയും ചെയ്യണം. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം. സർവകലാശാല കാന്പസിൽ പുരുഷ ഹോസ്റ്റലിനു സമീപത്തു കൂടി നടന്നു വരികയായിരുന്ന സർവകലാശാല ജീവനക്കാരിയായ യുവതിയെ പ്രതിയായ ശ്രീജിത്ത് കടന്നു പിടിക്കുകയായിരുന്നു.
ബൈക്കിൽ വരികയായിരുന്ന ശ്രീജിത്ത് യുവതിയെ കണ്ട് ബൈക്ക് നിർത്തി കയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് യുവതി ഗാന്ധിനഗർ പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള ഇന്ത്യൻ ശിക്ഷാ നിയമം 354-ാംവകുപ്പ് പ്രകാരമാണു പ്രതിക്കെതിരെ ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി പി. അനുപമ കോടതിയിൽ ഹാജരായി.