വൈക്കം: പട്ടാപ്പകൽ റോഡിലൂടെ സ്കൂളിലേക്ക് നടന്നു വന്ന വിദ്യാർഥിനിയെ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം വാഴമന സ്വദേശി ശ്രീകുമാറിനെ (32)യാണ് വൈക്കം എസ് ഐ എം.സാഹിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലാണ് ഇയാൾ വിദ്യാർഥിനിയോട് അതിക്രമം കാട്ടിയതെന്നാണ് പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞത്.
അതേസമയം ഇയാൾ മദ്യലഹരിയിൽ നിരവധി പെണ്‍കുട്ടികളെ പൊതുനിരത്തിലടക്കം അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആരും പരാതിയായി രംഗത്തു വരാതിരുന്നതാണ് ഇതുവരെ പിടിയിലാകാതിരുന്നതിനു കാരണമെന്നും അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതായി എസ് ഐ എം.സാഹിൽ പറഞ്ഞു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
നഗരത്തിലെ ഒരു സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിക്കാണ് കഴിഞ്ഞ ദിവസം രാവിലെ യുവാവിൽനിന്ന് ദുരനുഭവമുണ്ടായത്. വിദ്യാർഥിനി സ്കൂളിലേക്ക് നടന്നുവരുന്പോൾ നിർത്തിവച്ച ബൈക്കിലിരുന്ന യുവാവ് യാതൊരു പ്രകോപനവുമില്ലാതെ പെണ്‍കുട്ടിയുടെ അടുത്തെത്തി കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ നാട്ടുകാരും ദൂരെനിന്ന് വന്നു കൊണ്ടിരുന്ന വിദ്യാർഥിനികളും ഓടിയെത്തിയപ്പോൾ പ്രതി ബൈക്കിൽ പാഞ്ഞു പോയി.
വിദ്യാർഥിനികളും നാട്ടുകാരും നൽകിയ വാഹന നന്പരും മറ്റുവിവരങ്ങളുടെയും സഹായത്താൽ പോലീസ് കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു പിടികൂടുകയായിരുന്നു. കുടുങ്ങുമെന്ന് ഉറപ്പായതോടെ മൊബൈൽ ഫോണ്‍ ഓഫ് ചെയ്ത് ഇയാൾ മുങ്ങി. എന്നാൽ ഇയാൾ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. വൈക്കത്ത് എത്തിയ ഉടൻ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
സമാനമായ സംഭവം കഴിഞ്ഞ ആഴ്ചയില്‍ വല്ലകത്തും ഉണ്ടായി. സെന്റ് മേരീസ് പള്ളിയില്‍ നിന്നും കുര്‍ബാന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബൈക്കിലെത്തിയ യുവാവ് ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. യുവതി ഉറക്കെ നിലവിളിച്ചെങ്കിലും യുവാവ് അമിത വേഗത്തില്‍ ബൈക്കില്‍ കടന്നുകളഞ്ഞു. ഈ പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം വര്‍ദ്ധിച്ചുവരുന്നതായി നാട്ടുകാര്‍. പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ആവശ്യം.