പാനൂർ: മുതിയങ്ങ കാര്യാട്ടുപുറത്ത് നിന്നും കാണാതായ സ്ത്രീയെ കർണാടകയിൽ നിന്നും കണ്ടെത്തി. പ്രലോഭിപ്പിച്ച് കൂട്ടി കൊണ്ടുപോയ വിവാഹിതനായ 57 കാരൻ പിടിയിൽ. കാര്യാട്ടു പുറത്തെ ചെട്യാൻ വീട്ടിൽ ചന്ദ്രശേഖരൻ എന്ന സുലൈമാനെ (57)യാണ് കർണാടകയിലെ സിദ്ദാപുരത്തെ എസ്റ്റേറ്റിൽ നിന്നും 46 കാരിയോടൊപ്പം പിടികൂടിയത്.
കഴിഞ്ഞ മേയ് 18നാണ് 46 കാരിയായ സ്ത്രീയെയും സുലൈമാനെയും കാണാതായത്. സിദ്ദാപുരത്തെ എസ്റ്റേറ്റിൽ കൊണ്ടുപോയി സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു. പീഡനം അസഹ്യമായതിനാൽ നാട്ടിൽ വിവരമറിയിക്കുകയായിരുന്നു.
ഉടൻ കതിരൂർ പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. തലശേരി കോടതിയിൽ ഹാജരാക്കി സുലൈമാനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതിന് മുമ്പ് കാര്യാട്ടു പുറത്ത് ജോലി ചെയ്യുന്ന തമിഴ്നാട്ടുകാരിയെ പ്രലോഭിപ്പിച്ച് സിദ്ദാപുരത്ത് കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു.
മംഗലാപുരം സ്വദേശിയായ ഇയാൾ വർഷങ്ങൾക്ക് മുമ്പ് മതം മാറി കാര്യാട്ടു പുറത്തെത്തി മുസ്ലിം സ്ത്രീയെ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്.