കൊല്ലം :പീഡനത്തെതുടർന്ന് 14കാരിയായ പെൺകുട്ടി അനാഥമന്ദിരത്തിൽ തൂങ്ങിമരിച്ച സംഭവത്തിലെ പ്രതിയെ അർധരാത്രിയോടെ സൗദി അറേബ്യയിൽ നിന്ന് നാട്ടിലെത്തിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം കോളഭാഗത്തു കൈപ്പള്ളിവീട്ടിൽ സുനിൽകുമാറിനെയാണ് കൊല്ലം സിറ്റിപോലീസ് കമ്മീഷണർ മെറിന് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാട്ടിലെത്തിച്ചത്. ഇന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും.
സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെയാണ് പിടികൂടിയത്. രണ്ട് കുട്ടികളുടെ പിതാവായ സുനിൽകുമാർ രണ്ട് വർഷം മുന്പാണ് കുട്ടിയെ പീഡിനത്തിനിരയാക്കിയത്. കുട്ടിയുടെ പിതൃസഹോദരനുമായി അടുപ്പമുണ്ടായിരുന്ന ഇയാൾ ആ സൗഹൃദം ഉപയോഗിച്ച് കുട്ടിയുടെ വീടുമായി അടുക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചവിവരം.
മൂന്നുമാസത്തോളം പീഡനം തുടർന്നു. ഇതിനിടയിൽ കുട്ടിവിവരം സഹപാഠികളോടും സ്കൂൾ അധികൃതരോടും പറഞ്ഞതിനെതുടർന്ന് സുനിൽകുമാറിനെതിരെ പോക്സോ ചുമത്തി കേസെടുത്തെങ്കിലും സുനിൽ കുമാർ വിദേശത്തേക്ക് കടക്കുകയായിരുന്നു. പിന്നീട് ഇയാൾ വീട്ടിലേക്ക് വന്നിട്ടില്ല. കുട്ടിയെ പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകർ ഇഞ്ചവിളയിലെ മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഇവിടെവച്ച് പെൺകുട്ടി അന്തേവാസിയായ മറ്റൊരു പെൺകുട്ടിയോടൊപ്പം ആത്മഹത്യചെയ്യുകയായിരുന്നു. ഇതിനിടയിൽ കുട്ടിയുടെ പിതൃസഹോദരനും ആത്മഹത്യ ചെയ്തിരുന്നു.