വിയ്യൂർ(തൃശൂർ): മാനസിക വളർച്ച കുറവുള്ള പതിമ്മൂന്നുകാരിയെ വീടിനടുത്ത് ഓട്ടോറിക്ഷയിൽ ഇരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട്ടുകാരനായ പൂക്കച്ചവടക്കാരനെ അറസ്റ്റു ചെയ്തു. വില്ലടത്തു താമസിക്കുന്ന രവിയെയാണ് വിയ്യൂർ പോലീസ് പിടികൂടിയത്.
വില്ലടം ഗ്രൗണ്ടിനരികിൽ കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റിൽ കയറി വൈദ്യുത ലൈനിലെ തകരാർ പരിഹരിക്കുകയായിരുന്ന ലൈൻമാനാണ് ഓട്ടോറിക്ഷയിലെ പീഡനം കണ്ടത്. മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത ലൈൻമാൻ വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചു.
തുടർന്നാണു പോലീസ് രവിയെ പിടികൂടിയത്. ചോദ്യം ചെയ്തതോടെ പ്രതി പീഡനക്കുറ്റം സമ്മതിച്ചു. പോക്സോ നിയമപ്രകാരം കേസെടുത്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു. തൃശൂർ സ്വരാജ് റൗണ്ടിന്റെ കിഴക്കുഭാഗത്തു ഫുട്പാത്തിലിരുന്നു രാവിലെ പൂക്കച്ചവടം നടത്തുകയും പിന്നീട് ഓട്ടോറിക്ഷ ഓടിക്കുകയും ചെയ്യുന്നയാളാണു പ്രതി രവി.