വടക്കഞ്ചേരി: വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. എളവന്പാടം തച്ചക്കോട് വിനോദി (27) നെയാണ് ഡിവൈഎസ്പി കെ.എം. ദേവസ്യ, സി.ഐ ബി.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടികളെ കാറിൽ കൊണ്ടുപോകാൻ വിനോദ് സഹായിച്ചിരുന്നതായി കണ്ടെത്തിയതിനാലാണ് അറസ്റ്റ്. പോലീസ് കസ്റ്റഡിയിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മറ്റു രണ്ടു പ്രതികളെ ഡിസ്ചാർജ് ചെയ്ത് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി.
ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ മൂന്നു പ്രതികളേയും 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.ഡ്രൈവർമാരായ എളവന്പാടം തച്ചക്കോട് രതീഷ് (34), സുഹൃത്ത് എളന്പാടം കണിയമംഗലം ചെറുകുന്നം മൂഴി വിളയിൽ ജിന്റോ പീറ്റർ (29) എന്നിവരാണ് പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്സി വിഭാഗത്തിൽപ്പെട്ട ഒരു കുട്ടി ഉൾപ്പെടെ രണ്ടു വിദ്യാർത്ഥിനികളെയാണ് യുവാക്കൾ രതീഷ് വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. സുഹൃത്ത് ജിന്റോ പീറ്ററിനേയും ഇതിനായി വിളിച്ചു വരുത്തിയിയിരുന്നു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ആലത്തൂർ ഡിവൈഎസ്പി കെ.എം. ദേവസ്യയും രണ്ടാമത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് വടക്കഞ്ചേരി സി ഐ ബി.സന്തോഷുമാണ് അന്വേഷിക്കുന്നത്.