വൈപ്പിൻ: എടവനക്കാട് നിന്നും പ്രായപൂർത്തിയാകാത്ത രണ്ടു സഹോദരിമാർ ഉൾപ്പെടെ മൂന്നു പെണ്കുട്ടികളെ രാത്രി വീട്ടിൽനിന്നും കടത്തിക്കൊണ്ടുപോയി മദ്യവും മയക്കുമരുന്നും നൽകി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്ത മൂന്നുപ്രതികളെയും ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കുഴുപ്പിള്ളി ബീച്ചിൽ വാടേപ്പറന്പിൽ വിഷ്ണു (25), എടവനക്കാട് മായാബസാർ കറുത്താട്ടി നജ്മൽ (26), കുഴുപ്പിള്ളി നികത്തുതറ ഷിജിൽ (29) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ വിഷ്ണുവും നജ്മലും അടുത്തിടെ കുഴുപ്പിള്ളി ബീച്ചിൽ വച്ച് തമിഴ്നാട് സ്വദേശിയായ ഗജേന്ദ്രൻ എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കോടതിയിൽനിന്നും ജാമ്യത്തിൽ ഇറങ്ങിയവരാണ്. കുഴുപ്പിള്ളി ബീച്ചിൽ രാപകലില്ലാതെ കഞ്ചാവ് മയക്ക് മരുന്ന് വിൽപന നടത്തുന്ന പ്രതികളിൽ ഷിജിലിന്റെ വീട്ടിൽനിന്ന് പോലീസ് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
ആലുവ ഡിവൈഎസ്പി വിദ്യാധരന്റെ നിർദേശാനുസരണം സിഐ സജിൻ ശശി, എസ്ഐ സംഗീത് ജോബ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിനു പിന്നിൽ മദ്യമയക്ക് മരുന്ന് റാക്കറ്റാണെന്ന് പോലീസിനു മനസിലായത്. പിന്നീട് പോലീസ് നടത്തിയ ബുദ്ധിപൂർവമായ കരുനീക്കത്തിൽ മണിക്കൂറുകൾക്കുള്ളിലാണ് പ്രതികൾ കുടുങ്ങിയത്.
പ്രതികൾക്കെതിരേ പോക്സോ, കിഡ്നാപ്പിംഗ്, അബ്കാരി ആക്ട്, നർക്കോട്ടിക് ആക്ട് തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പോലീസ് അറിയിച്ചു. സംഘത്തിൽ എസ്സിപിഒമാരായ റെനിൽ, ലൈജു, സിപിഒമാരായ എഡ്വിൻ, മിറാജ്, വിജയ്, ദേവഷൈൻ, ഡബ്ല്യുസിപിഒ രഞ്ചുപ്രിയ എന്നിവരും ഉണ്ടായിരുന്നു.