പരവൂർ: മനോവൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം ഗർഭഛിദ്രം നടത്തി മൃതദേഹം കുഴിച്ചിട്ട കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ചിറക്കര പോളച്ചിറ സ്വദേശി ബൈജു (36) വിനെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഭ്രൂണാവസ്ഥയിൽ കുഴിച്ചിട്ട മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പ്രതിയുടെ വീട്ടുവളപ്പിൽ നിന്നും കണ്ടെടുത്തു.
അവിവാഹിതനായ ബൈജുവുമായി അടുപ്പത്തിലായിരുന്ന വീട്ടമ്മയുടെ മകളാണ് പീഡനത്തിനിരയായത്. ആറുമാസം മുന്പാണ് സംഭവം നടന്നത്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പെൺകുട്ടിയെ നെടുങ്ങോലം താലൂക്കാശുപത്രിയിൽ എത്തിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പരിശോധനയിൽ പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് വ്യക്തമായി.
തുടർന്ന് എസ്എടി ആശുപത്രിയിൽ പരിശോധന നടത്തി തിരിച്ചെത്തിയശേഷം ഒരു സ്വകാര്യ ആശുപത്രിയിൽ ബൈജുവിന്റെ സഹായത്തോടെ പെൺകുട്ടിയുടെ മാതാവ് ഗർഭഛിദ്രം നടത്തിയതായാണ് പോലീസിന് ലഭിച്ചവിവരം.
ആശുപത്രിയിൽ നിന്നും കൊണ്ടുവന്ന ഭ്രൂണാവസ്ഥയിലുള്ള മൃതദേഹം ബൈജുവിന്റെ വീടിന് പിന്നിൽ കുഴിച്ചിടുകയായിരുന്നു. കുടുംബശ്രീ പ്രവർത്തകർ വഴി നടത്തിയ അന്വേഷണമാണ് സംഭവം പുറത്തായത്.
തുടർന്ന് പരവൂർ പോലീസ് കേസെടുക്കുകയായിരുന്നു. പരവൂർ സിഐ സാനിയുടെ നേതൃത്വത്തിലുള്ള പോലീസ്മുംബൈയിൽനിന്ന് ബൈജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പുറത്തെടുത്ത ഭ്രൂണത്തിന്റെ പോസ്റ്റുമോർട്ട് ഇന്ന് തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ നടക്കും.