ആലുവ: പ്രണയം നടിച്ച് വിദ്യാർഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സ്വകാര്യ ബസ് ജീവനക്കാരനെ റിമാൻഡ് ചെയ്തു. വെങ്ങോല കണ്ടന്തറ സ്വദേശി കുന്നുംപുറം ഫാറൂഖ് അബൂബക്കർ (25) ആണ് പിടിയിലായത്.
പെരുമ്പാവൂർ മില്ലുപടിയിൽ പ്രതി വാടകയ്ക്ക് താമസിക്കുന്നതിനിടെയാണ് സംഭവം നടന്നത്. വിദ്യാർഥിനിയുമായി തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽപ്പെട്ട ആളാണ് ഫാറൂഖ് എന്ന് ആലുവ ഈസ്റ്റ് പോലീസ് സിഐ വിശാൽ ജോൺസൺ പറഞ്ഞു.
ആലുവ സ്റ്റേഷനിലേത് കൂടാതെ പെരുമ്പാവൂർ, കാലടി, കുറുപ്പംപടി, കോട്ടപ്പടി, തൃശൂർ, നെടുപുഴ എന്നീ സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, കവർച്ച, കൊലപാതകശ്രമം എന്നിവ ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ ഫാറൂക്ക് പ്രതിയാണെന്നും മതസ്പർധ പരത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.