ഭുവനേശ്വർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലാണ് സംഭവം. രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, ഹോം ഗാർഡ് എന്നിവരാണ് അറസ്റ്റിലായത്.
വീട്ടിൽ ജോലിക്കു നിന്നിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ചൊവ്വാഴ്ചയാണ് എഎസ്ഐയെ അറസ്റ്റ് ചെയ്തത്. എന്നാൽ ജാർഖണ്ഡിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഹോം ഗാർഡിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
ഇരുവരെയും പോക്സോ പ്രകാരം അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഭാര്യയുടെ മരണശേഷം തന്റെ മൂന്ന് കുട്ടികളുടെ സംരക്ഷണത്തിനായാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എഎസ്ഐ വീട്ടിൽ ജോലിക്ക് നിർത്തിയത്.
വിവാഹം വാഗ്ദാനം നൽകി എഎസ്ഐ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് കുട്ടിയുടെ ബന്ധുവാണ് പോലീസിൽ പരാതി നൽകിയത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് എഎസ്ഐയെ പോലീസ് അറസ്റ്റ് ചെയ്തത്.