കോട്ടയം: ലിഫ്റ്റിൽ വച്ച് ബന്ധുവായ 17കാരിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ തലയോലപ്പറന്പ് പോലീസ് സ്റ്റേഷനിലെ എഎസ്ഐയെ സസ്പെൻഡ് ചെയ്തു. സംഭവത്തെ തുടർന്ന് വൈക്കം സ്വദേശിയായ ഇയാൾ ഒളിവിലാണ്.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തലയോലപ്പറന്പ് സ്റ്റേഷനിലെ എഎസ്ഐ നാസറിനെ പ്രതി ചേർത്താണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴന്പുണ്ടെന്നു വ്യക്തമായതോടെയാണു എഎസ്ഐയെ കേസിൽ പ്രതി ചേർത്തതെന്നും ദിവസങ്ങളായി സ്റ്റേഷനിൽ എത്താത്ത ഇയാൾ ഒളിവലാണെന്നു കണ്ടെത്തിയതായും അധികൃതർ പറഞ്ഞു.
പ്രതിക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുള്ളതിനാൽ പിടികൂടിയാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. ഇതിനിടെ, കേസിൽ കോടതിയിൽനിന്നു ജാമ്യം തേടാനുള്ള നീക്കവും എഎസ്ഐ നടത്തുന്നതായാണു ലഭിക്കുന്ന വിവരം.
കഴിഞ്ഞ മാസം 28നാണു പരാതിക്കു കാരണമായ സംഭവം നടന്നത്. സിവിൽ സർവീസ് പരീക്ഷ പരിശീലനം നടത്തുന്ന പുല്ലേപ്പടിയിലെ സ്ഥാപനത്തിലെ ലിഫ്റ്റിൽവച്ചു നാസർ പെണ്‍കുട്ടിയെ അപമാനിക്കാൻ ശ്രമിച്ചതായാണു പരാതി.
പെണ്‍കുട്ടിയുടെ അമ്മയുടെ അകന്ന ബന്ധുവായ നാസറിന്റെ മകനും ഇതേ സ്ഥാപനത്തിലാണു പഠിക്കുന്നത്. ഇവിടെ മകനെ കാണാനെത്തിയ നാസർ ലിഫ്റ്റിൽ ഒരുമിച്ചുണ്ടായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.
ആക്രമണത്തെ ചെറുക്കാൻ നോക്കിയ പെണ്‍കുട്ടിയുടെ വായും കഴുത്തും അമർത്തി പിടിച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പിന്നീട് രണ്ടാഴ്ചയോളം പെണ്‍കുട്ടി സിവിൽ സർവീസ് പരിശീലനത്തിനു പോയില്ല. ഇതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണു കാര്യം അറിഞ്ഞത്. പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു.