വടകര: അഴിയൂർ സുനാമി കോളനിയിൽ വീട്ടമ്മയെ അയൽവാസി മാനഭംഗപ്പെടുത്തിയ കേസിൽ കൃത്രിമം കാണിച്ചുവെന്ന പരാതിയിൽ പോലീസുകാർക്കെതിരെ നടപടിക്കു നോട്ടീസ്. ചോന്പാല എസ്ഐ നസീർ, വനിതാ സിവിൽ പോലീസ് ഓഫീസർ ശ്രീദേവി എന്നിവർക്കെതിരെയാണ് മാനഭംഗത്തിനിരയായ യുവതി നൽകിയ പരാതിയിൽ ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി ജഡ്ജി ഗോപിക്കുട്ടന്റെ നടപടി്.
പരാതിയിൽ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ട് ഇരുവരോടും മാർച്ച് 31ന് ഹാജരാകാൻ അതോറിറ്റി ജഡ്ജി ഉത്തരവിട്ടു കഴിഞ്ഞ ഒക്ടോബർ ആറിനായിരുന്നൂ കേസിനാസ്പദ സംഭവം. രണ്ടു മക്കളോടൊപ്പം കോളനിയിൽ താമസിക്കുന്ന യുവതിയെ അയൽവാസി അശോകൻ വീട്ടിൽ കയറി ആക്രമിക്കുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നു. പരിക്കുകളോടെ മാഹി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയിൽ നിന്നു മൊഴിയെടുക്കാൻ പോലീസ് തയാറായിരുന്നില്ല.
പിറ്റേന്ന് ഉച്ചയോടെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്ത് ഉമ്മയോടൊപ്പം ചോന്പാല സ്റ്റേഷനിൽ മൊഴി നൽകാനെത്തിയപ്പോൾ മോശം പെരുമാറ്റമുണ്ടായി. ഉച്ചക്ക് മൂന്നിനു നൽകിയ മൊഴി രാത്രി 8.45 എന്നാക്കി മാറ്റി. സംഭവ ദിവസം രാത്രി തന്നെ ഇന്റിമേഷൻ ലഭിച്ചിട്ടും പിറ്റേന്നു രാത്രി എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്.
മാത്രമല്ല വനിതാ കോണ്സ്റ്റബിൾ മൊഴി രേഖപ്പെടുത്തുന്പോൾ രണ്ട് പുരുഷ പോലീസുകാർ മഫ്റ്റിയിലും ഒരാൾ യൂനിഫോമിലും സമീപത്ത് തന്നെ നിൽക്കുകയും ചെയ്തിരുന്നു. യൂനിഫോം ധരിച്ചയാൾ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്തതായും യുവതി പരാതിയിൽ പറഞ്ഞിരുന്നു. പേര് വിവരം ലഭിക്കുന്ന മുറയ്ക്ക് ഇയാൾക്കെതിരെയും നടപടി ഉണ്ടാവും.
അടുത്ത ദിവസം വീട്ടിൽ വനിതാ പോലീസില്ലാതെ എസ്ഐ നസീർ മൊഴി രേഖപ്പെടുത്താൻ എത്തിയിരുന്നു. നിന്നെ എവിടെയാണ് കയറിപിടിച്ചതെന്നായിരുന്നു യുവതിയോട് എസ്ഐ ചോദിച്ചത്. സാറിനോട് പറയാൻ ലജ്ജയുണ്ടെന്ന് പറഞ്ഞപ്പോൾ കോളനിയല്ലെ അങ്ങിനെയൊക്കെ ഉണ്ടാവും എന്നായിരുന്നു പരിഹാസം.
യുവതി നൽകിയ പരാതിയിൽ കംപ്ലയിന്റ് അതോറിറ്റി ജഡ്ജി റൂറൽ എസ്പിയോട് വിശദീകരണം ചോദിച്ചിരുന്നു. യുവതി മൊഴി നൽകുന്പോൾ അബദ്ധത്തിലാണ് അടുത്ത് പുരുഷ പോലീസ് നിന്നതെന്നാണ് എസ്പി നൽകിയ മറുപടിയിൽ പറഞ്ഞത്.