ബംഗളൂരു: കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ അഞ്ച് സഹപാഠികൾ അറസ്റ്റിൽ. ഗുരുന്ദൻ, പ്രക്ത്യ ഷെട്ടി, സുനിൽ ഗൗഡ, കിഷൻ, പ്രജ്വാൾ നായിക് എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം ഒരേ കോളജിലെ വിദ്യാർഥികളാണ്. കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം.
പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നു മാസം മുന്പാണ് പതിനെട്ടുകാരിയായ ദളിത് വിദ്യാർഥിനിയെ പീഡിപ്പിച്ചത്. ഫെബ്രുവരിയിലോ മാർച്ചിലോ ആണ് സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
സുനിലാണ് പെണ്കുട്ടിയെ കാറിൽ കയറ്റിക്കൊണ്ടു പോയത്. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് അഞ്ചു പേരും ചേർന്ന് വിദ്യാർഥിനിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് ഇവർ യുവതിയ ഭീഷണിപ്പെടുത്തി. പേടി കാരണം വിദ്യാർഥിനി സംഭവം വീട്ടിലോ പോലീസിലോ പറഞ്ഞിരുന്നില്ല.
സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. പീഡനത്തിന് ഇരയായ പെണ്കുട്ടി ഇതിന് ശേഷമാണ് പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്. ഇതിന് പിന്നാലെയാണ് എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
വീഡിയോ പ്രചരിക്കുന്നുവെന്ന് മനസിലായതിന് പിന്നാലെ ഐടി ആക്ട് പ്രകാരം പോലീസ് സ്വമേധയാ കേസെടുക്കുകയാണുണ്ടായത്. വീഡിയോ പ്രചരിക്കുന്നത് തടയാനായിരുന്നു കേസെടുത്തത്. ശേഷം ഇരയായ യുവതിയോട് മുന്നോട്ട് വരാനും പീഡനത്തിനെതിരെ പരാതി നൽകാനും പോലീസ് അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്നാണ് യുവതി പരാതി നൽകിയത്.
അഞ്ച് പേർ ചേർന്നാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. ഇവരിലൊരാൾ ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. എന്നാൽ ആരാണ് വീഡിയോ പ്രചരിപ്പിച്ചതെന്നുള്ള അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി കോളജ് അധികൃതർ അറിയിച്ചു.
ല