രാജാക്കാട്: വിരുന്നിനെത്തിയ വീട്ടിലെ ഗൃഹനാഥയെ പീഡിപ്പിച്ചശേഷം സ്വദേശത്തേക്കു മടങ്ങിയ പശ്ചിമബംഗാൾ സ്വദേശിയെ പോലീസ് പ്രതിയുടെ ഗ്രാമത്തിൽ എത്തി അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ ബിശ്വേശ്വർപുർ സ്വദേശിയായ ദേബ് പ്രസാദ് മുഖർജി(22) യെയാണ് രാജാക്കാട് എസ്എച്ച്ഒ അജയ് മോഹൻ,ഗ്രേഡ് എസ്ഐ സജി എൻ. പോൾ,എസ് സിപിഒ ബി.ആർ. ബിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞ 18നാണ് പ്രതി ബൈസണ്‍വാലിയിൽ വാടകയ്ക്കു താമസിക്കുന്ന ദന്പതികളുടെ വീട്ടിൽ വിരുന്നിനെത്തിയത്. ഭർത്താവ് പണിക്കു പോയ സമയത്ത് വീട്ടിലുണ്ടായിരുന്ന ഗൃഹനാഥയെ പീഡിപ്പിച്ച പ്രതി വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തി പശ്ചിമബംഗാളിലുള്ള സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു.
അതിനുശേഷം പ്രതി പശ്ചിമബംഗാളിലേക്കു മടങ്ങി. 27നാണ് ദന്പതികൾ ഇതുസംബന്ധിച്ച് രാജാക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. തുടർന്ന് പോലീസ് സംഘം കൊൽക്കത്തയിൽനിന്നും 200 കിലോമീറ്റർ അകലെയുള്ള ബിശ്വേശ്വർപൂരിലെത്തി അവിടത്തെ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.