പള്ളുരുത്തി: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദേശവനിതയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ കൊല്ലം സ്വദേശിയെ പള്ളുരുത്തി പോലീസ് അറസ്റ്റുചെയ്തു. കൊല്ലം ഭരണിക്കാവ് കൊച്ചൂട്ടി കോളനി ജോസ് ഭവനിൽ ജോസി(37)നെയാണ് പള്ളുരുത്തി സിഐ കെ.ജി.അനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
ഫ്രഞ്ച് സ്വദേശിനിയും ചെന്നൈ ലയോള കോളജ് വിദ്യാർഥിനിയുമായ യുവതിയെയാണ് ഇയാൾ അപമാനിക്കാൻ ശ്രമിച്ചത്. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിൽ യാത്ര ചെയ്യുകയായിരുന്നു വിദേശവനിത. കൊല്ലത്തുനിന്ന് കൊച്ചി ഹാർബറിലേക്ക് ജോലിക്കു വരികയായിരുന്ന ജോസ് മദ്യലഹരിയിൽ യുവതിയെ ശല്യം ചെയ്തു.
പല തവണ ബസ് ജീവനക്കാരും യുവതിയും താക്കീത് ചെയ്തിട്ടും പിൻമാറാൻ ഇയാൾ തയാറായില്ല. തുടർന്നു പള്ളുരുത്തി സ്റ്റേഷനുമുന്നിൽ ബസ് നിർത്തി പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.