കോഴിക്കോട്: പിഞ്ചോമനകള്‍ കണ്ടാസ്വദിക്കുന്ന കാര്‍ട്ടൂണുകളില്‍ ലൈംഗികതയും അസഭ്യതയും കടന്നു കൂടുന്നുണ്ടെന്ന് പോലീസ്. കുട്ടികള്‍ സ്വന്തമായി കാര്ട്ടൂണുകള്, സിനിമകള്‍ കാണുന്നതിന് മുന്‍പ് അത്തരം വിഡിയോകള്‍ രക്ഷിതാക്കള്‍ തന്നെ പരിശോധിച്ചു (ശ്രദ്ധിച്ചു ) നല്ലതാണോ എന്നുറപ്പു വരുത്തിയ ശേഷം മാത്രമേ കുട്ടികളെ അതു കാണാന്‍ അനുവദിക്കാവൂ എന്ന് പോലീസ് മുന്നറിയിപ്പ് നല്കി.
ചെറിയ പ്രായത്തില്‍ തന്നെ പല കുട്ടികളും കേബിള്‍, കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകള്‍ എന്നിവ ഉപയോഗിക്കുന്നുണ്ട്. ഇത് പൂര്‍ണമായും തങ്ങളുടെ മേല്‍നോട്ടത്തിലാണെന്ന് രക്ഷിതാക്കള്‍ തന്നെ ഉറപ്പുവരുത്തണം. പുറത്തുനിന്നും വീട്ടില്‍ എത്തുന്ന കുട്ടികളുടെ കൂട്ടുകാരും ഈ നിയന്ത്രണം മനസിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പോലീസ് മുന്നറിയിപ്പു നല്കി. “പെണ്‍കുട്ടികളുടെ സുരക്ഷ, രക്ഷിതാക്കളുടെ അറിവിലേക്ക്’ എന്ന പേരിലാണ് സമൂഹമാധ്യമത്തില്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയത്.
പെണ്‍കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി നിര്‍ദേശങ്ങളാണ് പോലീസ് മുന്നോട്ടുവച്ചത്. തിക്കിലും തിരക്കിലും അകപ്പെട്ടാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് പെണ്‍കുട്ടികളെ ബോധവതികളാക്കുക. പെണ്‍കുട്ടികളുടെ ശാരീരികാരോഗ്യം, മാനസികാവസ്ഥ, വിവേകം, ബുദ്ധിസ്ഥിരത തുടങ്ങിയവയെ ഹനിക്കാന്‍ കാരണമായ കൂട്ടുകെട്ടോ മറ്റ് ഘടകങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ ആയത് കൃത്യമായും നിരീക്ഷിക്കുക. കൂട്ടുകാരുമായി വീടിനു പുറത്ത് കളികളില്‍ ഏര്‍പ്പെടുമ്പോള്‍ അവര്‍ ഏതു തരം കളികളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
പൊതുസ്ഥലങ്ങളിലെ ലൈംഗിക ചൂഷണത്തിനെതിരെ രക്ഷിതാക്കളുടെ കരുതല്‍ അനിവാര്യമാണ്. അപരിചതരുടെ ലാളനയ്ക്ക് പാത്രമാവാതിരിക്കാന്‍ ശ്രദ്ധിക്കുക. പരിചയമില്ലാത്തവര്‍ കൊഞ്ചിക്കുക, മടിയില്‍ പിടിച്ചിരുത്തുക, മധുരപലഹാരങ്ങള്‍ വാങ്ങി നല്‍കുക തുടങ്ങിയ പ്രവണതയെ കുറിച്ച് പെണ്‍കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക. ഉത്സാഹവതിയായ കുട്ടിയുടെ പെട്ടെന്നുള്ള നിസംഗതയും വിഷാദവും ഉന്മേഷക്കുറവും ശ്രദ്ധയില്‍പ്പെട്ടാല്‍ വളരെ ക്ഷമയോടെ സ്നേഹത്തോടെ അവളില്‍ നിന്നും കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കുക.
ജീവിതത്തില്‍ ലൈംഗികതയുടെ പ്രാധാന്യത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ (പ്രധാനമായും അമ്മമാര്‍ ) തന്നെ പ്രാഥമിക അവബോധം നല്‍കുക. സമൂഹത്തില്‍ നിന്നും നേരിടാവുന്ന തെറ്റായ ലൈംഗിക അറിവുകളില്‍ നിന്നും രക്ഷ നേടാന്‍ ഇതവര്‍ക്ക് തുണയാകും. കഴിയുന്നതും മൂന്നു വയസ് കഴിയുമ്പോള്‍ തന്നെ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളുടെ പ്രാധാന്യം കുട്ടികളെ പറഞ്ഞു മനസിലാക്കിക്കുക.
അപരിചിതരെ ഒരിക്കലും തങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ അനുവദിക്കാതിരിക്കുന്നതിനും അവരെ പറഞ്ഞു മനസിലാക്കുക. മുതിര്‍ന്നവരില്‍ ആരോടെങ്കിലും കുട്ടിക്ക് പ്രത്യേക അടുപ്പമോ അമിതമായ ഇടപെടലോ സ്നേഹക്കൂടുതലോ തോന്നുന്നുണ്ടെങ്കില്‍ അത്തരക്കാരെ പ്രത്യേകം നിരീക്ഷിക്കുക. ആശാസ്യമല്ലെന്ന് തോന്നുന്നവരുമായുള്ള ചങ്ങാത്തം നിര്‍ബന്ധമായും ഒഴിവാക്കുക. ഏതെങ്കിലും ആള്‍ക്കാരെക്കുറിച്ച് കുട്ടികള്‍ പരാതി പറഞ്ഞാല്‍ നിസംഗത പാലിക്കാതെ കാര്യം എന്താണെന്ന് തിരക്കി ഉചിത നടപടികള്‍ സ്വീകരിക്കുക.
തിരിച്ചറിയാന്‍ പാകമായ പ്രായമുള്ള കുട്ടികളുടെ മുന്നില്‍ വച്ചുള്ള രക്ഷിതാക്കളുടെ വസ്ത്രധാരണം ചില കുട്ടികളില്‍ മാനസിക അസ്വാസ്ഥ്യവും അനാവശ്യ ചിന്തകളും കടന്നുകൂടാന്‍ ഇടയാക്കൂന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് മുതിരുന്ന പ്രായത്തില്‍ അവര്‍ വസ്ത്രധാരണത്തിലെ സ്വകാര്യതയെ കുറിച്ചുള്ള പ്രാധാന്യം കുറച്ചുകാണാന്‍ ഇടവരുത്തുന്നു. പരുഷനോടൊപ്പം തുല്യപ്രാധാന്യമുള്ളവരാണ് സ്ത്രീകള്‍. പെണ്‍കുട്ടികളുടെ ശോഭനമായ ഭാവി ഉറപ്പുവരുത്തേണ്ടത് ഓരോ രക്ഷിതാവിന്റെയും കടമയാണെന്നും പോലീസ് ഓര്‍മപ്പെടുത്തുന്നുണ്ട്.