കോഴിക്കോട്: നാദാപുരത്ത് 10 വയസുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സ്ത്രീക്ക് 75 വർഷം തടവുശിക്ഷ വിധിച്ച് കോടതി.
പാലക്കാട് മണ്ണാർക്കാട് ചക്കിങ്ങൽ വസന്തയ്ക്ക്(സന്ധ്യ – 42) ആണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ഈ ശിക്ഷ നൽകിയത്. വസന്ത 90,000 രൂപ പിഴ ഒടുക്കണമെന്നും ജഡ്ജ് എം. ഷുഹൈബ് വ്യക്തമാക്കി.
വാണിമേൽ പരപ്പുപാറ മേഖലയിലെ വാടകവീട്ടിൽവച്ചും മറ്റും വസന്ത കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നാണ് കുറ്റ്യാടി പോലീസ് കണ്ടെത്തിയത്.
ഇതേ പെൺകുട്ടിയെ മറ്റുള്ളവർക്ക് ലൈംഗികാതിക്രമത്തിന് ഇരയാക്കാൻ ഒത്താശ ചെയ്തെന്ന കുറ്റത്തിന് മൂന്ന് കേസുകൾ ഇതേ കോടതിയിൽ വസന്തയ്ക്കെതിരേ നിലവിലുണ്ട്.
വസന്തയുടെ പങ്കളായിയായ കോട്ടയം ഏറ്റുമാനൂർ സ്വദേശി ചെറുമുകത്ത് ദാസിനെ(42) ആറ് മാസം തടവിനും ശിക്ഷിച്ചിട്ടുണ്ട്. കുറ്റകൃത്യത്തെക്കുറിച്ചു വിവരം ഉണ്ടായിരുന്നിട്ടും മറച്ചു വച്ചതിനാണ് ദാസിനെ ശിക്ഷിച്ചത്.