തിരുവല്ല: യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരായ കേസിൽ തെളിവില്ലാതാക്കാൻ ശ്രമിച്ച പോലീസുകാരനെ ഒടുവിൽ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ തുടർ അന്വേഷണവും പ്രഖ്യാപിച്ചു. തിരുവല്ല സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും പോലീസ് അസോസിയേഷൻ നേതാവുമായ ഹരിലാലിനെയാണ് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം സസ്പെൻഡ് ചെയ്തത്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പോലീസുകാരനെതിരെ വകുപ്പുതല അന്വേഷണത്തിന് അഡ്മിനിസ്ട്രേറ്റീവ് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.കേസിലെ പ്രതി ടൗൺ നോർത്ത് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന സജിമോന്റെ ഡിഎൻഎ പരിശോധനയ്ക്ക് മറ്റൊരാളുടെ രക്തസാമ്പിൾ തിരുവല്ല താലൂക്ക് ആശുപത്രിയിൽ നൽകിയതായാണ് കണ്ടെത്തിയത്.
അഭിഭാഷകനായ പ്രദേശത്തെ ഒരു യുവ സിപിഎം നേതാവും പോലീസുകാരനും ചേർന്നാണ് പ്രതിയുടേതല്ലാത്ത ആളിന്റെ രക്ത സാമ്പിൾ ആശുപത്രിയിൽ നൽകിയത്. ആശുപത്രി രജിസ്റ്ററിലെ പേരും പ്രതിയുടെ പേരും തമ്മിൽ വ്യത്യാസം കണ്ടതിനേത്തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ നടത്തിയ പരിശോധനയിലാണ് തെളിവില്ലാതാക്കാൻ ഗൂഢാലോചന നടന്നതായി കണ്ടെത്തിയത്.
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. റെഡ് വോളണ്ടിയറായ യുവതി സിപിഎം പരിപാടികളിൽ പങ്കെടുത്തുവരവേ ലോക്കൽസെക്രട്ടറിയുമായി ഇഷ്ടത്തിലാകുകയും വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഇവർക്ക് രണ്ടു മക്കളുമുണ്ട്.
യുവതി വീണ്ടും ഗർഭിണിയായതോടെ ലോക്കൽ സെക്രട്ടറി ഒഴിഞ്ഞുമാറിയതോടെയാണ് പരാതിയുണ്ടായത്. യുവതിയും മാതാവും സിപിഎം സംസ്ഥാന സെക്രട്ടറിക്കടക്കം പരാതി നൽകി. പോലീസിലും പരാതി എത്തിയതോടെ ഒത്തുതീർപ്പിനു ശ്രമം നടന്നു. ഇതിനിടെ കേസ് കോടതിയിലെത്തിയതോടെ നിജസ്ഥിതി മനസിലാക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവായി.
ഡിഎൻഎ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് അട്ടിമറി ശ്രമമുണ്ടായത്. മറ്റൊരാളുടെ രക്തസാന്പിൾ നൽകി പരിശോധന അട്ടിമറിക്കാൻ ശ്രമിച്ചു. ഇതു പിടിക്കപ്പെട്ടതോടെയാണ് പോലീസുകാരന്റെ പങ്ക് പുറത്തായത്. തിരുവല്ല സിഐ ഇതു സംബന്ധിച്ചു ഉന്നത ഉദ്യോഗസ്ഥർക്കു റിപ്പോർട്ട് നൽകി.
പോലീസ് അസോസിയേഷൻ നേതാവു കൂടിയായ ഹരിലാലിനെ രക്ഷിക്കാൻ സമ്മർദമുണ്ടായെങ്കിലും ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ പരിഗണിച്ച് നടപടിയെടുക്കുകയായിരുന്നു.