ചങ്ങനാശേരി: ഇന്നു പുലർച്ചെ യുവതിയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മോർകുളങ്ങര തൈപറന്പിൽ വിനീഷാ(26)ണ് പോലീസ് പിടിയിലായത്. ചെത്തിപ്പുഴ ഭാഗത്തുള്ള വീട്ടിൽ കയറി ഇന്നു പുലർച്ചെ രണ്ടിനാണ് ഇയാൾ യുവതിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയത്. ഇതിനു ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേ നാട്ടുകാരും പോലീസും ചേർന്ന് പ്രതിയെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.
പോലീസിന്റെ കൈയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ മൽപ്പിടിത്തത്തിലൂടെ കീഴടക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ ഗുണ്ടാ ആക്ട് പ്രകാരം കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഈ സമയത്ത് ഇയാൾ മറ്റൊരു പീഡനക്കേസിൽ പ്രതിയാവുകയും പോലീസ് അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.
ഈ കേസിൽ ജാമ്യം നേടി പുറത്തിറങ്ങി പ്രശ്നങ്ങളുണ്ടാക്കിയതിനെത്തുടർന്ന് ഇയാളുടെ പേരിൽ വീണ്ടും കാപ്പ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരി പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിടെയാണ് ഇന്നു പുലർച്ചെ ഇയാൾ ചെത്തിപ്പുഴ ഭാഗത്തുള്ള യുതിയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്തിയത്.
കോട്ടയം എസ്പി എൻ.രാമചന്ദ്രന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി ആർ.ശ്രീകുമാർ, സിഐ കെ.പി.വിനോദ്, എസ്ഐ ഷെമീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിനു നേതൃത്വം നൽകിയത്.