ചങ്ങരംകുളം: പൊന്നാനിയിൽ നാലര വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ല. പൊന്നാനിയിൽ മതപഠനത്തിനെത്തിയ കുടുംബത്തിലെ നാലര വയസുകാരിയെയാണ് അന്തേവാസിയെന്നു സംശയിക്കുന്ന കർണാടക സ്വദേശി പീഡനത്തിനിരയാക്കി കടന്നു കളഞ്ഞത്.
സംഭവത്തിൽ ചൈൽഡ് ലൈനിനു നൽകിയ പരാതിയിൽ പൊന്നാനി പോലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്ത്രീകളെയും പുരുഷൻമാരെയും രണ്ടിടങ്ങളിലായാണ് ഇവിടെ താമസിപ്പിക്കുന്നത്. അമ്മയോടോപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി പിതാവിനെ കാണാൻ ആഗ്രഹം പ്രകടപ്പിച്ചപ്പോൾ ഇടയ്ക്കിടെ പിതാവ് താമസിക്കുന്നിടത്തേക്ക് പോകാറ് പതിവുണ്ട്. ഇതിനിടെയാണ് പെണ്‍കുട്ടിയെ കർണാടക സ്വദേശി ചൂഷണം ചെയ്തതെന്നു കരുതുന്നു. സംഭവത്തിൽ സ്ഥാപന മേധാവികൾ തന്നെയാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചത്.
കർണാടക സ്വദേശിയായ അന്തേവാസിക്കെതിരേ പോലീസ് പോക്സോ വകുപ്പു ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ടെങ്കിലും പ്രതിയെ പിടികൂടാനാകത്തത് ഏറെ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. പഠനം പൂർത്തിയാക്കി പോയ ആളുകളിലാരാളാണ് പ്രതിയെന്ന സൂചന മാത്രമാണ് ഇപ്പോഴുള്ളത്.പ്രതിയെ പിടികൂടുന്നതിനു പോലീസ് അന്വേഷണം ഉൗർജിതമാക്കിയതായി കേസ് അന്വേഷിക്കുന്ന പൊന്നാനി സിഐ സണ്ണി ചാക്കോ പറഞ്ഞു.