ചാവക്കാട് : വായ്പ കുടിശിക വരുത്തിയതിനു ബാങ്കുകാർ വീട് ജപ്തി ചെയ്ത വീട്ടമ്മയെ പീഡനത്തിനിരയാക്കുകയും, വാടകവീട് നല്കാമെന്നു പറഞ്ഞ് 50,000 രൂപ തട്ടിയെടുക്കുകയും ചെയ്തയാളെ പോലീസ് അറസ്റ്റുചെയ്തു. അകലാട് വട്ടംപറന്പിൽ സുനീർ എന്ന നൂറു (38) വിനെയാണ് ചാവക്കാട് സിഐ കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ചിൽ എടക്കഴിയൂരിലാണ് സംഭവം.
35 വയസുള്ള വീട്ടമ്മയെയാണ് സുനീർ സ്വന്തം ഉടമസ്ഥതയിലുള്ള വീട്ടിലേക്കു വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. പോലീസിൽ പരാതിപറഞ്ഞാൽ മൊബൈൽ ഫോണിൽ പകർത്തിയ ചിത്രം പുറത്തു കാണിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയിരുന്നു. ബാങ്കുകാർ വീട് ജപ്തി ചെയ്തതിൽ ബാക്കി കിട്ടിയ സംഖ്യയാണ് സുനീർ തട്ടിയെടുത്തത്. തൃശൂർ റൂറൽ എസ്പി വിജയകുമാറിനു വീട്ടമ്മ നൽകിയ പരാതിയെതുടർന്നാണ് പോലീസ് തുടർനടപടികൾ സ്വീകരിച്ചത്.
വടക്കേക്കാട് എസ് ഐ ആയിരുന്ന റിനീഷിനെ ആക്രമിച്ചതടക്കം നിരവധി കേസുകൾ സുനീറിനെതിരെയുണ്ടന്നു പോലീസ് പറഞ്ഞു.വൈദ്യപരിശോധനയ്ക്കുശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഭാര്യയും രണ്ടു കുട്ടികളുമുള്ളയാളാണ് സുനീർ. അഡീഷണൽ എസ്ഐ കെ.വി മാധവൻ,എഎസ്ഐ അനിൽ മാത്യു, സിപിഒമാരായ ഷജീർ,തോമസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.