വടകര: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ പെരുകുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ലൈംഗിക പീഡനത്തിന് ഇരയായവര്‍ ഏറെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലൈംഗികാതിക്രമങ്ങളില്‍ നിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനു വേണ്ടി 2012 ല്‍ നിലവില്‍ വന്ന പോക്‌സോ നിയമ പ്രകാരം കഴിഞ്ഞ വര്‍ഷം 1427 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ ഇക്കൊല്ലം ഒക്ടോബര്‍ വരെ 1718 കേസുകള്‍ എടുത്തു കഴിഞ്ഞെന്നാണ് കേരളാ പോലീസിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.
ഓരോ വര്‍ഷവും സംസ്ഥാനത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍ കൂടിവരികയാണ്. 2013 ല്‍ 1002 കേസുകളായിരുന്നെങ്കില്‍ 2014 ല്‍ 1380 ആയി. തിരുവനന്തപുരമാണ് കേസുകളില്‍ മുന്നില്‍ നില്‍ക്കുന്ന ജില്ല. റൂറലില്‍ 159 കേസും സിറ്റിയില്‍ 62 കേസും രജിസ്റ്റര്‍ ചെയ്തു. ഏറണാകുളത്ത് സിറ്റിയിലും റൂറലിലുമായി 178 പോക്‌സോ കേസുണ്ട്. അതേ സമയം മലപ്പുറത്ത് 200 കേസുകള്‍ രേഖപ്പെടുത്തി. തൃശൂരില്‍ സിറ്റിയിലും റൂറലിലുമായി 149 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂരില്‍ 126 ഉം കാസര്‍കോട് 82 ഉം കേസുകളാണുള്ളത്.
കോഴിക്കോട് സിറ്റിയിലും റൂറലിലുമായി 131 കേസുണ്ട്. പത്തനംതിട്ട 73, ആലപ്പുഴ 68, കോട്ടയം 93, ഇടുക്കി 79, പാലക്കാട് 104, വയനാട് 73 എന്നിങ്ങനെയാണ് കേസുകളുടെ നില. സിറ്റി, റൂറല്‍ സംവിധാനമുള്ള കൊല്ലത്ത് 133 കേസുകള്‍ രേഖപ്പെടുത്തി.രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണമാണ് ഇതെങ്കിലും കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ രേഖപ്പെടുത്താത്തവ ഏറെയായിരിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. ചുരുക്കം രക്ഷിതാക്കളേ നടപടി തേടി അധികൃതരെ സമീപിക്കുന്നുള്ളൂ. പീഡനത്തിന് ഇരയാകുന്നവരില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ സമീപിക്കുന്നവരും കറവാണ്. മാത്രമല്ല, കേസുകള്‍ കുടി വരുമ്പോഴും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് വളരെ കുറവാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ബന്ധുക്കളും അയല്‍വാസികളും അധ്യാപകരുമൊക്കെയാണ് പ്രതികളാവുന്നത്. പലപ്പോഴും ഇത്തരക്കാരെ രക്ഷിക്കാനുള്ള ശ്രമവും നടക്കുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന്റെ ഭാഗമായി രൂപം നല്‍കിയ പോക്‌സോ നിയമം 2012 ല്‍ നിലവില്‍ വന്നിട്ടും ഇത്തരം അതിക്രമങ്ങളില്‍ നിന്നു കുട്ടികളെ സംരക്ഷിക്കാനാവുന്നില്ലെന്നാണ് കണക്കുകകള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത അനിവാര്യമായിരിക്കുകയാണെന്നു ബന്ധപ്പെട്ടവര്‍ ഓര്‍മിപ്പിക്കുന്നു.