കാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണാഭരണം കവരുകയും ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് കാഞ്ഞങ്ങാട് ഡിവൈഎസ്പി വി.വി. ലതീഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂർ മേഖലാ ഡിഐജി തോംസൺ ജോസ്, കാസർഗോഡ് ജില്ലാ പോലീസ് മേധാവി പി. ബിജോയ് എന്നിവർക്കാണ് അന്വേഷണത്തിന്റെ ഏകോപന ചുമതല.
നാട്ടുകാരനായ ആൾ തന്നെയാണ് സംഭവത്തിനു പിന്നിലെന്ന് മിക്കവാറും ഉറപ്പിച്ചിട്ടുണ്ട്. പെൺകുട്ടിയോട് മലയാളത്തിൽ സംസാരിച്ചതും സംഭവത്തിനു ശേഷം വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തതുമെല്ലാം ഇക്കാര്യം ഉറപ്പിക്കുന്നു. കുട്ടിയുടെ വല്യച്ഛൻ അതിരാവിലെ വീടുതുറന്ന് പശുവിനെ കറക്കാൻ പോകാറുണ്ടെന്നും വല്യമ്മ സ്ഥലത്തില്ലെന്നും അച്ഛനമ്മമാർ മറ്റൊരു മുറിയിലാണ് കിടക്കാറുള്ളതെന്നുമുള്ള വിവരങ്ങൾ പോലും ഇയാൾക്കറിയാമെന്നതിൽ നിന്നും കുടുംബത്തെ അടുത്തറിയാവുന്ന ആൾ തന്നെയാണെന്ന് വ്യക്തമാണ്.
പുലർച്ചെ മൂന്നുമണിയോടെയാണ് വല്യച്ഛൻ തൊഴുത്തിലേക്ക് പോയത്. നാലുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് കുട്ടി മുറിയിലില്ലെന്ന് അറിയുന്നത്. തുടർന്നു തെരച്ചിൽ നടത്തുന്നതിനിടെയാണ് അര കിലോമീറ്ററോളം അകലെയുള്ള വീട്ടിൽനിന്ന് കുട്ടിയുടെ അച്ഛന്റെ മൊബൈലിലേക്ക് വിളിച്ച് കുട്ടി അവിടെയുണ്ടെന്ന് പറയുന്നത്.
താരതമ്യേന ചെറിയ വീടിന്റെ മുൻവാതിലിലൂടെ അകത്തുകടന്ന അക്രമി ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്ത് പുറകുവശത്തെ അടുക്കളവാതിൽ തുറന്നാണ് പുറത്തേക്കു പോയത്. ഇവിടെനിന്ന് തൊട്ടടുത്ത പറമ്പിലൂടെ നടന്നാണ് ആളൊഴിഞ്ഞ വയലിലെത്തിയത്. കുട്ടിയുടെ വീടിന്റെ മറ്റു ഭാഗങ്ങളിൽ അടുത്തടുത്ത് വീടുകളുണ്ട്. ഇക്കാര്യവും അക്രമിക്ക് അറിയാമായിരുന്നുവെന്ന് വ്യക്തമാണ്.
തോളത്തു കിടത്തി കൊണ്ടുപോകുന്നതിനിടെ ഉറക്കമുണർന്നു കരഞ്ഞ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് ഒച്ചവച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ അർധബോധാവസ്ഥയിലായ കുട്ടിയെ വയലിലെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കുകയും കാതിലെ സ്വർണാഭരണം ഊരിയെടുത്ത ശേഷം നാലഞ്ചു വീടിനപ്പുറത്താണ് നിന്റെ വീടെന്ന് വഴി കാണിച്ചുകൊടുത്ത് കടന്നുകളയുകയുമാണ് ചെയ്തതെന്നാണ് കുട്ടിയുടെ മൊഴിയിൽ നിന്നു ലഭിച്ച വിവരം.
കുട്ടിയെ അർധബോധാവസ്ഥയിലാക്കുന്നതിനായി ഇയാൾ എന്തെങ്കിലും മണപ്പിച്ചിരുന്നോ എന്നും വ്യക്തമല്ല. ലൈംഗികാതിക്രമം നടന്ന കാര്യം കുട്ടിക്ക് മനസിലാകാതിരുന്നത് ഇതുകൊണ്ടായിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. കമ്മൽ മോഷ്ടിച്ച കാര്യം മാത്രമാണ് തുടക്കത്തിൽ കുട്ടി പറഞ്ഞിരുന്നത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയപ്പോൾ മാത്രമാണ് ലൈംഗികാതിക്രമം നടന്നതായി തെളിഞ്ഞത്. കഴുത്തിനും കണ്ണിനും കാതിനുമുള്ള പരിക്കുകൾ മാത്രമാണ് പുറമേക്കു വ്യക്തമായിരുന്നത്. കുട്ടി സാധാരണ നില കൈവരിച്ചിട്ടുണ്ട്.