കൊച്ചി: സിനിമാ മേഖലയില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിക്കുകയും പണം കവരുകയും ചെയ്ത കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം മഞ്ഞാമല താറാവിള സുരേഷ് കുമാറിനെതിരെ സമാനരീതിയിലുള്ള നാല് കേസുകള്‍.
പാറശാല, പോത്തന്‍കോട്, തൃശൂര്‍ ഈസ്റ്റ്, എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനുകളിലാണ് ഇയാള്‍ക്കെതിരേ സമാനരീതിയിലുളള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തിരുവനന്തപുരം സ്വദേശിയും ഇപ്പോള്‍ ഇടപ്പള്ളിയില്‍ താമസിക്കുകയും ചെയ്യുന്ന യുവതിയാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്.
യുവതിയെ ഷൂട്ടിംഗ് ലൊക്കേഷനിലേക്കെന്നു വിശ്വസിപ്പിച്ച് വിവിധ ലോഡ്ജുകളിലെത്തിച്ച് പീഡിപ്പിച്ച പ്രതി മൂന്നരലക്ഷത്തോളം രൂപയും തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.
യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചേരാനല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജി. വിപിന്‍കുമാറിന്റെ നേതൃത്വത്തിൽ സബ് ഇന്‍സ്പെക്ടര്‍മാരായ കെ.എം. സന്തോഷ് മോന്, ആര്.എസ്. വിപിന്‍, ടി.എക്സ്. ജയിംസ്, എഎസ്ഐ ബിനു, എസ്സിപിഒ സിഗോഷ്, സിപിഒമാരായ നിതിന്‍, അനീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.