മല്ലപ്പള്ളി: പിഡബ്ല്യുഡി റെസ്റ്റു ഹൗസിൽ താമസിച്ചിരുന്ന ഷോർട്ട് ഫിലിം ഡയറക്ടർക്കും അഭിനയിക്കാനെത്തിയ സ്ത്രികൾക്കും കുട്ടികൾക്കും മർദനമേറ്റതായി പരാതി. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു സംഭവം. മുറിവാടകയെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. കുട്ടികളുടെ ഹൃസ്വ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നാലു ദിവസമായി ഇവർ ഈ ലോഡ്ജിൽ താമസിച്ചിരുന്നതായിരുന്നു പറയുന്നു.
സർക്കാർ നിശ്ചയിച്ച വാടകയിലും കൂടുതൽ തുക ഇവർ ഈടാക്കിയതായി പറയുന്നു. മുറി ഒഴിയാൻ വേണ്ടി ബിൽ ചോദിച്ചപ്പോൾ ബിൽ നൽകാനാവില്ലെന്നും ഇതേച്ചൊല്ലിയുള്ള വാഗ്വാദവുമാണ് മർദനത്തിൽ കലാശിച്ചത്. ലോഡ്ജിലെ ജീവനക്കാരും മറ്റ് താമസക്കാരും ചേർന്ന് അഭിനയിക്കാനെത്തിയ സ്ത്രീയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയായിരുന്നുവെന്ന് പറയുന്നു.
ഇവരുടെ ഭർത്താവിനും മർദനമേറ്റു. ജീവനക്കാർ ഇവരുടെ വാഹനങ്ങളിൽ പോറൽ വീഴ്ത്തിച്ചു. മർദനത്തിൽ പങ്കുള്ള ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മല്ലപ്പള്ളി സിഐ കെ. സലിം, എസ് ബി. രമേശൻ, റാന്നി എഇ സന്തോഷ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.