ഭോപ്പാൽ: ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന നവവധുവിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ എട്ട് പേർക്ക് ജീവപര്യന്തം തടവുശിക്ഷ. പ്രതികൾക്ക് 2,30,000 രൂപ പിഴയും വിധിച്ച് മധ്യപ്രദേശിലെ രേവയിലെ കോടതി.
രാംകിഷൻ, ഗരുഡ് കോറി, രാകേഷ് ഗുപ്ത, സുശീൽ കോറി, രജനീഷ് കോറി, ദീപക് കോറി, രാജേന്ദ്ര കോറി, ലവ്കുഷ് കോറി എന്നീ എട്ട് പ്രതികളെയാണ് നാലാം അഡീഷണൽ സെഷൻസ് ജഡ്ജി പത്മ ജാതവ് കുറ്റക്കാരെന്ന് വിധിച്ചത്.
പ്രതികൾക്ക് മരണം വരെ ജയിൽ ശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ വികാസ് ദ്വിവേദി പിടിഐയോട് പറഞ്ഞു. രേഖകൾ, തെളിവുകൾ, സാക്ഷി മൊഴികൾ എന്നിവ പരിശോധിച്ച ശേഷം, എട്ട് കുറ്റവാളികളും ജീവിതകാലം മുഴുവൻ ജയിലിൽ തുടരുമെന്ന് കോടതി വിധിച്ചു.
2024 ഒക്ടോബർ 21 ന് ഗുഡ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു പ്രദേശത്താണ് സംഭവം നടന്നത്. പ്രതികൾ നവദമ്പതികളെ തട്ടിക്കൊണ്ടുപോയി. തുടർന്ന് പ്രതികളിൽ ആറ് പേർ ഭർത്താവിന്റെ മുന്നിൽ വച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
പ്രതികൾ 19 നും 20 നും ഇടയിൽ പ്രായമുള്ളവരാണെന്നും സംഭവം നടക്കുമ്പോൾ ഒരു കോളജിൽ പഠിക്കുകയായിരുന്നുവെന്നും പോലീസ് നേരത്തെ പറഞ്ഞിരുന്നു.