മാനന്തവാടി: കെഎസ്ആർടിസി ബസിൽ വെച്ച് യുവതിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്ത കണ്ടക്ടറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കഐസ്ആർടിസി തൊട്ടിൽപാലം ഡിപ്പോയിലെ കണ്ടക്ടർ വടകര തിരുവള്ളൂർ സ്വദേശി കുന്നുമ്മലങ്ങാടി താഴക്കുനി വീട്ടിൽ കെ. ഹനീഷി (40) നെയാണ് സസ്പെൻഡ് ചെയ്തത്.
കൽപ്പറ്റ കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഐസി ആയങ്കി റസാഖിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടറാണ് നടപടി സ്വീകരിച്ചത്.
ഞായറാഴ്ച വൈകിട്ട് പേരാന്പ്രയിൽ നിന്നും മാനന്തവാടിക്ക് വരുന്ന ബസിൽ രാത്രി ഏഴോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർ കുറ്റ്യാടി പക്രന്തളം ചുരത്തിൽ വെച്ച് മാനഭംഗപ്പെടുത്തിയെന്നതാണ് യുവതിയുടെ പരാതി.
സംഭവം ഉണ്ടായ ഉടൻ യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയും ബന്ധുക്കൾ തൊണ്ടർനാട് പോലീസ് സ്റ്റേഷനിൽ വിവരം വിളിച്ചറിയിക്കുകയുമായിരുന്നു. തുടർന്ന് തൊണ്ടർനാട് പോലീസ് സ്റ്റേഷന് മുന്നിൽ പോലീസ് ബസ് തടഞ്ഞ് നിർത്തി ഹനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.