തൃശൂര്‍: സ്ത്രീപീഡകരേയും സംരക്ഷകരേയും തുറുങ്കിലടയ്ക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മനുഷ്യച്ചങ്ങലയും പൊതുസമ്മേളനവും നടത്തി. കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. തങ്ങള്‍ ഇടപെട്ട് നേരത്തെ ഒത്തുതീര്‍ത്തതാണ് വടക്കാഞ്ചേരി സംഭവമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന് പറഞ്ഞത്. അങ്ങനെയെങ്കില്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ചത് ആരെല്ലാമാണെന്നു പാര്‍ട്ടി നേതൃത്വം വെളിപ്പെടുത്തണം.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരത്തില്‍ തങ്ങള്‍ക്ക് അനുകൂലമായി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്ന രീതിയാണ് സിപിഎം ജില്ലാ കമ്മിറ്റികള്‍ അനുവര്‍ത്തിക്കുന്നത്. നീതിയോ ന്യായമോ അല്ല പാര്‍ട്ടിക്കു കീഴ്പ്പെടുക എന്നതിനാണ് സിപിഎം പ്രാമുഖ്യം നല്കുന്നതെന്നു സതീശന് ആരോപിച്ചു. തെക്കേഗോപുരനടയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് പി.എ. മാധവന് അധ്യക്ഷത വഹിച്ചു.
മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന് മുഖ്യാതിഥിയായി. മുന്‍ എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്, ടി.എന്‍. പ്രതാപന്, ടി.വി. ചന്ദ്രമോഹന്, എം.കെ. പോള്‍സണ്‍, എംപി വിന്‍സന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ്, സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണന്, എന്‍.കെ. സുധീര്‍, യു.ഡി.എഫ് ജില്ലാ ചെയര്മാന് ജോസഫ് ചാലിശേരി, നേതാക്കളായ എം.പി. ഭാസ്കരന് നായര്‍, ഒ. അബ്ദുറഹ്മാന്‍കുട്ടി, ജോസ് കാട്ടൂക്കാരന്‍, ഐ.പി. പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.