മഞ്ചേരി: നാലു വയസുകാരിയെ പീഡിപ്പിച്ച ഇരുപത്തിയാറുകാരനെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) രണ്ടര വർഷം തടവിനും 2000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടക്കാത്ത പക്ഷം രണ്ടുമാസത്തെ അധിക തടവ് അനുഭവിക്കണം. ചുങ്കത്തറ മുണ്ടപ്പാടം നറുക്കിൽ രഞ്ജിത്തി (26)നെയാണ് ശിക്ഷിച്ചത്. 2014 ജനുവരി അഞ്ചിനു രാത്രി എട്ടരക്കാണ് സംഭവം. പരാതിയിൽ ജനുവരി പത്തിനു നിലന്പൂർ സിഐ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.
കുട്ടിയെ ബലാത്സംഗം ചെയ്തതിനു ഇന്ത്യൻ ശിക്ഷാ നിയമം 376 പ്രകാരം രണ്ടു വർഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാൽ ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. റിമാൻഡ് കാലാവധി ശിക്ഷയായി പരിഗണിക്കും. പീഡനത്തിനിരയായ ബാലികയ്ക്ക് സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നു 25000 രൂപ നൽകണമെന്നും ഇതിനായുള്ള നടപടി ക്രമങ്ങൾ നടത്താൻ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്ക് ജഡ്ജി കെ.പി.സുധീർ നിർദേശം നൽകി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സാജു ജോർജ് ഹാജരായി.