ആലപ്പുഴ: ഓഫീസ് ജീവനക്കാരിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി നൽകിയ പരാതി അടിസ്ഥാനരഹിതമെന്ന് കൗണ്‍സിലർ ജോസ് ചെല്ലപ്പൻ. തന്റെ ഓഫീസിൽ മൂന്നു വർഷമായി ജോലി നോക്കിയ പരാതിക്കാരിയെ ജോലിയിൽ ക്രമക്കേടു കാട്ടിയതിന് പറഞ്ഞു വിട്ടതിന്റെ വൈരാഗ്യമാണ് തനിക്കെതിരെയുള്ള പരാതിയെന്ന് ജോസ് ചെല്ലപ്പൻ പറയുന്നു.
മറ്റൊരു സ്ഥാപനത്തിൽ ജോലിക്കു ശ്രമിച്ചെങ്കിലും കൗണ്‍സിലറുടെ ഇടപെടൽ മൂലം തടയപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് പരാതിക്കാരിയുടെ ഭർത്താവും സഹോദരനും അടങ്ങുന്ന ആറംഗ സംഘം തന്നെ മൃഗീയമായി മർദ്ദിച്ചു. ഇതിനെതിരെ താൻ നൽകിയ പരാതി പിൻവലിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ പീഡന പരാതി നൽകിയിരിക്കുന്നതെന്നും ജോസ് ചെല്ലപ്പൻ പറഞ്ഞു. കടമായി നൽകിയ 2.50 ലക്ഷം രൂപയിൽ 85,000 രൂപ ഇനിയും പരാതിക്കാരി തിരിച്ചു നൽകാനുണ്ടെന്നും കൗണ്‍സിലർ പറഞ്ഞു.
അതേസമയം പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കൗണ്‍സിലറുടെ വീടിനോട് ചേർന്നുള്ള ഓഫീസിൽ ജോലി ചെയ്ത് വരവേ പലതവണ ജോസ് ചെല്ലപ്പൻ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. മൊബൈൽ ഫോണ്‍ വഴി പലതവണ വധഭീഷണിയും മുഴക്കി. എതിർത്തപ്പോൾ ശാരീരികമായി മർദ്ദിച്ചു.
വീട്ടിൽ ഒറ്റയ്ക്കുള്ള സമയങ്ങളിൽ കൗണ്‍സിലർ മൊബൈൽ ഫോണിലൂടെ വീഡിയോ കോൾ ചെയ്തും ഭീഷണിപ്പെടുത്തി. വീടിന്റെ പരിസരത്ത് എത്തിയ പ്രതി തന്റെ ഭർത്താവിനെ തടഞ്ഞുനിർത്തി കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. അതേസമയം കഴിഞ്ഞ ദിവസം കൗണ്‍സിലറെ മർദ്ദിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെയും കേസ് എടുത്തിരുന്നതായി പൊലീസ് പറഞ്ഞു.