കൊച്ചി: പീഡനക്കേസുകളില്‍ പരാതി നല്കാന് വൈകുന്നതിനെ മറ്റു കേസുകളിലെന്നപോലെ പ്രതികൂലമായി കാണരുതെന്ന് ഹൈക്കോടതി.
ഇരയും കുടുംബാംഗങ്ങളും മറ്റു പല വസ്തുതകളും കണക്കിലെടുക്കുന്നതിനാല്‍ ഇത്തരം കേസുകളില്‍ പരാതി വൈകാറുണ്ടെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു.
മകളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കൊല്ലം അഡി. സെഷന്‍സ് കോടതി അഞ്ചു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചതിനെതിരെ പ്രതി നല്കിയ അപ്പീലില്‍ ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്താണ് ഇതു പറഞ്ഞത്.
പീഡനക്കേസുകളില്‍ ഇരയുടെ മാനസികാവസ്ഥ ഉള്‍പ്പെടെ പരിഗണിക്കണം. നമ്മുടെ സമൂഹത്തില്‍ പ്രത്യേകിച്ചും ഗ്രാമീണ മേഖലകളില്‍ നിന്നുള്ള ഇത്തരം പരാതികള്‍ വൈകിയെന്ന കാരണത്താല്‍ പ്രോസിക്യൂഷന് നടപടികള്‍ ഉപേക്ഷിക്കുന്നത് ഉചിതമല്ല.
പ്രോസിക്യൂഷന് കേസില്‍ സംശയമോ ദുരൂഹതയോ ഉണ്ടെങ്കിലാണ് പരാതി വൈകിയെന്ന കാരണം നിര്‍ണായകമാകുന്നതെന്നും സിംഗിള്‍ ബെഞ്ച് ഓര്‍മപ്പെടുത്തി.