കൊച്ചി: ഒഡീഷ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുന്‍ ഹോര്‍ട്ടികോര്‍പ്പ് എംഡി കെ ശിവപ്രസാദി(78)ന് ജയില്‍ മാറ്റം. ചികിത്സാര്‍ഥം തിരുവനന്തപുരത്തേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. പ്രതി ചികിത്സ നടത്തുന്ന ആശുപത്രി തിരുവനന്തപുരത്താണെന്ന് പറഞ്ഞായിരുന്നു അപേക്ഷ നല്‍കിയത്. ഇതിനു പിന്നാലെയാണ് ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.
വീട്ടു ജോലിക്കാരിയായ ഒഡീഷ സ്വദേശിനിയെയാണ് പ്രതി പീഡിപ്പത്. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് 22 കാരിക്ക് ജ്യൂസില്‍ ലഹരി ചേര്‍ത്ത് നല്‍കിയായിരുന്നു പീഡനം. ലഹരി കലര്‍ത്തിയ ജ്യൂസ് നല്കിയ ശേഷം കടന്നുപിടിച്ചെന്നായിരുന്നു 22കാരി ആദ്യം പോലീസിനോട് പറഞ്ഞത്.
ബോധം മറഞ്ഞതിനാല്‍ പിന്നീടെന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും യുവതി പറഞ്ഞിരുന്നു. വൈദ്യപരിശോധനയില്‍ യുവതി പീഡിപ്പിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇയാള്‍ക്കെതിരെ പീഡനക്കുറ്റം ചുമത്തിയത്. പോലീസ് കേസെടുത്തതിനു പിന്നാലെ പ്രതി ഒളിവില്‍ പോവുകയായിരുന്നു.
തുടര്‍ന്ന് 26 ദിവസം ഒളിവില്‍ കഴിഞ്ഞ ശേഷം നവംബര്‍ ഒമ്പതിന് ഇയാള്‍ എറണാകുളം സൗത്ത് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി. രാജ്കുമാറിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. എന്നാല്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഹൃദയസംബന്ധിതമായ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍ അറിയിച്ചതോടെ ഇയാള്‍ ഡിസ്ചാര്‍ജ് ചെയ്തു.
ഇതേതുടര്‍ന്ന് ഇയാളെ കോടതിയില്‍ നിന്ന് റിമാന്‍ഡ് ചെയ്ത് എറണാകുളം ജില്ലാ ജയിലിലേക്ക് വിട്ടിരുന്നു. ഇവിടെ നിന്നാണ് ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളിയതോടെ ഇയാള്‍ക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിരുന്നു.