കൊല്ലം: വിധവയായ സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ നാല് വര്‍ഷം കഠിന തടവും 15,000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ച് കോടതി ഉത്തരവായി.കൊല്ലം മയ്യനാട് പിണയ്ക്കല്‍ സ്വദേശി സോമരാജനെ(69)യാണ് കോടതി ശിക്ഷിച്ചത്. 2014 സെപ്റ്റംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിധവയായ അയല്‍വാസി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി വീട്ടില്‍ അതിക്രമിച്ചു കടക്കുകയും അടുക്കളയില്‍ നിന്ന വീട്ടമ്മയെ ബലമായി വലിച്ചിഴച്ചുകൊണ്ടുവന്ന് ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
പുറത്തു ബഹളം കേട്ടതിനാല്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു. സ്ത്രീയോടൊപ്പം താമസിച്ചിരുന്ന ഇളയമകള്‍ വീട്ടുജോലിക്കായി പോകുന്നതുകണ്ട പ്രതി ആ തക്കം നോക്കി വൃദ്ധയെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗികമായി ആക്രമിക്കുകയായിരുന്നു എന്നായിരുന്നു കേസ്. മറ്റ് ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ലൈംഗികാതിക്രമത്തിനു വിധേയയായ സ്ത്രീയുടെ മൊഴി വിശ്വസനീയമായി പരിഗണിച്ച കോടതി പ്രതിയെ കുറ്റക്കാരനാണെന്നു കാണുകായായിരുന്നു.
ഭയന്നുപോയ വീട്ടമ്മ വിവരം സംഭവദിവസം ആരോടും പറഞ്ഞിരുന്നില്ല. പിറ്റേദിവസം അയല്‍വാസി വഴി വിവരംഅറിഞ്ഞ മകള്‍ അയല്‍ക്കാരുടെ സഹായത്തോടെ അമ്മയെകൂട്ടി കൊട്ടിയം പോലീസ്സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചുകടന്ന കുറ്റത്തിന് ഒരു വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ ഒരുമാസം കഠിന തടവും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിന് മൂന്നു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും, പിഴയൊടുക്കാതിരുന്നാല്‍ മൂന്നുമാസം കഠിന തടവും പ്രതി അനുഭവിക്കണമെന്ന് കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിക്കാനും ജയിലില്‍ കിടന്ന കാലയളവ് ശിക്ഷയിളവ് നല്‍കുന്നതിനും കോടതി ഉത്തരവായി.
കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എന്‍.ഹരികുമാറാണ് പ്രതിയെ ശിക്ഷിച്ച് ഉത്തരവായത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി. വിനോദ് കോടതിയില്‍ ഹാജരായി. കൊട്ടിയം പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന മുഹമ്മദ് ഷാഫി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന വി. ജോഷി, അനില്‍കുമാര്‍ എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.